പ്ലസ്‌വണ്‍ ഒന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം ഇന്നും നാളെയും



തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യലിസ്റ്റ് പ്രകാരമുളള വിദ്യാര്‍ഥിപ്രവേശനം ഇന്നും നാളെയും നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍

www.hscap.kerala.gov.in  ല്‍ലഭിക്കും.അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ നാളെ വൈകീട്ട് അഞ്ചിന് മുമ്പ് പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരംപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരംപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ട. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുളള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാനാവും. ഇക്കൊല്ലം ഏകജാലക രീതിയിലൂടെ പ്ലസ്‌വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ 4,96,354 വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. രണ്ടാമത്തെ അലോട്ട്‌മെന്റിനുശേഷം ഇതുവെര അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് പുതിയ അപേക്ഷ നല്‍കാം. സ്‌പോര്‍ട്‌സ് ക്വാട്ട, സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഫലം നാളെ രാവിലെ പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ നാളയും മറ്റന്നാളും നടക്കും.

RELATED STORIES

Share it
Top