പ്ലസ്ടു: 83.75% വിജയം

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷയില്‍ സംസ്ഥാനത്ത് 83.75 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി 0.38 ശതമാനത്തിന്റെ വര്‍ധനയുണ്ട്. 83.37 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ (86.75 ശതമാനം) ജില്ലയും പിന്നില്‍ പത്തനംതിട്ട (77.16)യുമാണ്. സെക്രട്ടേറിയറ്റ് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥാണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചത്.
വിജയിച്ചവരില്‍ 1,78,492 (90.31 ശതമാനം) പെണ്‍കുട്ടികളും 1,73,106 (76.19 ശതമാനം) ആണ്‍കുട്ടികളുമാണ്. 14,735 വിദ്യാര്‍ഥികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ഇതില്‍ 10,899 പെണ്‍കുട്ടികളും 3,836 ആണ്‍കുട്ടികളുമാണ്. കഴിഞ്ഞവര്‍ഷം 11,829 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നത്. മലപ്പുറത്താണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയത്- 1935. കുറവ് പത്തനംതിട്ടയിലും- 834. 79 സ്‌കൂളുകള്‍ നൂറുമേനി വിജയം നേടി. മുപ്പതില്‍ താഴെ വിജയശതമാനമുള്ള സ്‌കൂളുകളുടെ എണ്ണം 34 ആണ്. 180 വിദ്യാര്‍ഥികള്‍ 1200ല്‍ 1200 സ്‌കോറും കരസ്ഥമാക്കി മികവു പുലര്‍ത്തി. സയന്‍സ് വിഭാഗത്തില്‍ 85.91 ശതമാനവും ഹ്യുമാനിറ്റീസില്‍ 76.21 ശതമാനവും കൊമേഴ്‌സില്‍ 85.22 ശതമാനവുമാണ് വിജയം.
എസ്‌സി വിഭാഗത്തില്‍ 64.27 ശതമാനം, എസ്ടി  63.52 ശതമാനം, ഒഇസി  75.05 ശതമാനം, ഒബിസി  85.51 ശതമാനം, ജനറല്‍  90.19 ശതമാനം പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 82.18 ശതമാനവും എയ്ഡഡ് മേഖലയില്‍ 86.14 ശതമാനവും അണ്‍ എയ്ഡഡ് മേഖലയില്‍ 76.47 ശതമാനവുമാണ് വിജയം.

RELATED STORIES

Share it
Top