പ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ച സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

വാളയാര്‍: പ്ലസ്ടു വിദ്യാര്‍ഥിനിയായ പതിനാറു വയസ്സുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്.
പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളും കനാല്‍പ്പിരിവ് ഉപ്പുകുഴിയില്‍ സ്വദേശികളുമായ ജയപ്രകാശ് (44), മുഹമുദ്ദീന്‍(43), കോയമ്പത്തൂരില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കഞ്ചിക്കോട് ചുള്ളിമട സ്വദേശി വിപിന്‍(23) എന്നിവരെയാണ് സിഐ ആര്‍ ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പ്രതികള്‍ക്കെതിരെ പോക്‌സോ നിയമവും ചുമത്തിയിട്ടുണ്ട്. പിതാവിന്റെ മരണ ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്നവരാണ് ജയപ്രകാശും മുഹമുദ്ദീനും. അടുപ്പം മുതലെടുത്ത് പലപ്പോഴും കുട്ടിയുടെ വീട്ടിലെത്താറുള്ള  ഇവര്‍ പലപ്പോഴായി പീഡിപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
പെണ്‍കുട്ടിയുടെ മരണ സമയത്തും മുന്‍പും ഇവര്‍ ഇവരുടെ കുടുംബത്തോടപ്പമുണ്ടായിരുന്നെന്നാണ് പോലിസ് പറയുന്നു. അറസ്റ്റിലായ വിപിന്‍  പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. സ്‌കൂളി ല്‍ പോവുന്ന വഴിയിലും വീട്ടിലും വിപിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പോലിസ് പറയുന്നു. ബന്ധുക്കളെയും അയല്‍വാസികളെയും ചോദ്യം ചെയ്ത ശേഷം രാത്രി വൈകിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞിരുന്നു. തുടര്‍ന്ന് പോലിസ് ദുരൂഹത അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കിയതിനാലാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. നാട്ടുകാരുടെ ഇടപെടലാണ് പീഡന വിവരം പുറത്താവാന്‍ ഇടയാക്കിയത്.
പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. സിഐ ആര്‍ ഹരിപ്രസാദ്, എസ്‌ഐ പി എം ലിബി എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

RELATED STORIES

Share it
Top