പ്ലസ്ടു വിജയം: ജില്ലയ്ക്ക് ഹാട്രിക്

കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറി പ്ലസ്ടു പരീക്ഷയില്‍ വിജയശതമാനത്തില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ഒന്നാംസ്ഥാനം നേടി കണ്ണൂരിന് ഹാട്രിക്. 86.75 ശതമാനം വിജയം നേടിയാണ് ജില്ല സുവര്‍ണനേട്ടം സ്വന്തമാക്കിയത്. 87.22 (2017), 84.86 (2016) ആയിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ വിജയ ശതമാനം. ജില്ലയിലെ 158 സ്‌കൂളുകളില്‍നിന്ന് പരീക്ഷയെഴുതിയ 29,623 വിദ്യാര്‍ഥികളില്‍ 25,699 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
കഴിഞ്ഞ വര്‍ഷം 29125 കുട്ടികളില്‍ 25404 പേരാണ് പ്ലസ്ടു കടമ്പ കടന്നത്. കഴിഞ്ഞ തവണ 1099 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. ഇക്കുറി സമ്പൂര്‍ണ എ പ്ലസുകാരുടെ എണ്ണം 1408 ആയി ഉയര്‍ന്നു. ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 39.73 ശതമാനം വിജയത്തോടെ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്തെത്തി. പരീക്ഷയ്ക്കിരുന്ന 3906 പേരില്‍ 1552 വിദ്യാര്‍ഥികളാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. എന്നാല്‍, ആര്‍ക്കും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കാനായില്ല. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 78.80 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 1481 പേരില്‍ 1167 പേര്‍ മൂന്നു പാര്‍ട്ടുകളിലും വിജയിച്ച് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 1389 പേര്‍ പാര്‍ട്ട് 1, പാര്‍ട്ട് 2 വിഭാഗങ്ങളില്‍ വിജയം കരസ്ഥമാക്കി. മാടായി ജിവിഎച്ച്എസ്എസ് (96.55), കുറുമാത്തൂര്‍ ജിവിഎച്ച്എസ്എസ് (96.67), പുളിങ്ങോം ജിവിഎച്ച്എസ്എസ് (97.92), കൊടുവള്ളി ജിവിഎച്ച്എസ്എസ് (98.31) എന്നീ വിദ്യാലയങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി.

RELATED STORIES

Share it
Top