പ്രേമപഠിതാക്കള്‍ക്കൊരു ഉത്തമ ഗൈഡ്
പ്രണയത്തിന്റെ മധുരമധുരങ്ങളേറെയുള്ള ഈ പുസ്തകം ക്രൈസ്തവ മതമേലധ്യക്ഷകേന്ദ്രങ്ങളെ ഒന്നു ചൊട്ടാനായിട്ടെങ്കിലും വര്‍ഗീസ് ധ്വനിപ്പിച്ചെഴുതുമ്പോള്‍ വൈദിക പഠിതാക്കളായ നവയൗവനങ്ങള്‍, ഇതു കൊണ്ടേറ്റുമെന്നുതന്നെയാണ് തന്റെ നിഗമനമെന്ന് ലേഖകന്‍ പറയുന്നു


loveആയിശ

റിയ വെള്ളത്തിനും പ്രേമത്തെ കെടുത്തുക സാധ്യമല്ല. നദികള്‍ അതിനെ മുക്കിക്കളയില്ല. ഒരുത്തന്‍ തന്റെ ഗൃഹത്തിലുള്ള സര്‍വ സമ്പത്തും പ്രേമത്തിനു വേണ്ടി കൊടുത്താലും അവനെ നിന്ദിക്കേണ്ടതില്ല...' കെ സി വര്‍ഗീസിന്റെ 'ഉത്തമഗീതം: പാഠവും പഠനവും' വീണ്ടും വിളക്കുവച്ചു വായിക്കവേ ബാല്യകാലം മനസ്സില്‍ കോറിയിട്ട ഉത്തമഗീതത്തിലെ പ്രേമസംബന്ധിയായ ആഴമേറെയുള്ള വരികള്‍ ആയിരം ഓര്‍മകളെ ഉണര്‍ത്തി.
solamanഹൈസ്‌കൂള്‍-കോളജ് പഠനകാലം സെന്റ് ബെര്‍ക്മാന്‍സ് കാംപസിലായിരുന്നതിനാല്‍ ബൈബിളും അനുബന്ധ സാഹിത്യങ്ങളും ശെമ്മാശ്ശന്മാര്‍ വഴി പല ദിവസവും ചര്‍ച്ചയായിരുന്നു. കെ സി വര്‍ഗീസിന്റെ ഈ പഠനഗ്രന്ഥം സശ്രദ്ധം വായിച്ചപ്പോള്‍ വൈദിക വിദ്യാര്‍ഥിയായിരിക്കെ മരണപ്പെട്ട എന്റെ സുഹൃത്ത് കൊച്ചുവര്‍ഗീസും സ്മരണകളിലെത്തി.

സിഎസ്‌ഐ സഭയിലെ ഡാനിയേല്‍ എന്ന സുഹൃത്തും. ഡാനിയേല്‍ ജീവിച്ചിരിപ്പുണ്ട്. അവരാണ് ഉത്തമഗീതം എനിക്ക് വെളിവാക്കിയവര്‍. നമ്മുടെ ബാല്യങ്ങളെ രതിശാസ്ത്ര പഠനഗ്രന്ഥങ്ങള്‍ സ്വാധീനിക്കാറില്ല. പക്ഷേ, ഉത്തമഗീതം രതിയുടെ മഹാസാമ്രാജ്യങ്ങള്‍ വരെ തുറന്നിടുന്നു. അത്രയ്ക്കു കാവ്യാത്മകമാണത്. ഉത്തമഗീതത്തിലെ വര്‍ണനകള്‍ക്ക് ബിഎ മലയാളം ക്ലാസുകളില്‍ ആവര്‍ത്തിച്ചു പഠിച്ച കാളിദാസ കൃതികളുടെ രതിവര്‍ണനകള്‍ ചിലേടങ്ങളില്‍ സമമെങ്കിലുമാണെങ്കിലും ഉത്തമഗീതവും അതിലെ സിംബലുകളും കാളിദാസനെയും കടത്തിവെട്ടുന്നു.
ഉത്തമഗീതം തെല്ലും കൂട്ടിക്കലര്‍പ്പില്ലാതെ കെ സി വര്‍ഗീസ് അവതരിപ്പിക്കുമ്പോള്‍ പഠനത്തിലായി എന്റെ ശ്രദ്ധ മുഴുവന്‍. പ്രണയത്തിന്റെ മധുരങ്ങളേറെയുള്ള ഈ പുസ്തകം ക്രൈസ്തവ മതമേലധ്യക്ഷകേന്ദ്രങ്ങളെ ഒന്നു ചൊട്ടാനായിട്ടെങ്കിലും വര്‍ഗീസ് ധ്വനിപ്പിച്ചെഴുതുമ്പോള്‍ വൈദിക പഠിതാക്കളായ നവയൗവനങ്ങള്‍ ഇതു കൊണ്ടേറ്റും എന്നുതന്നെയാണ് എന്റെ നിഗമനം. ഉത്തമഗീതപഠനങ്ങളില്‍ കൈവച്ച മുണ്ടശ്ശേരി മാസ്റ്റര്‍ക്കു പോലും പലപ്പോഴും സഭയെ അതിരുവിട്ട് പ്രകോപിപ്പിക്കാന്‍ മനസ്സു വന്നിട്ടില്ല. പക്ഷേ, വര്‍ഗീസ് മുണ്ടശ്ശേരി മാസ്റ്റര്‍ക്കും ഒരു മുഴം മുമ്പേ എറിയുന്നു.
ഉത്തമഗീതത്തിന്റെ കര്‍ത്താവ് ശലോമോന്‍ തന്നെയെന്ന നിഗമനം മലയാളത്തില്‍ ശക്തിപ്പെട്ടത് സി ജെ തോമസ് റേഡിയോ നാടകമായി ചില ബൈബിള്‍ മിത്തുകള്‍ അവതരിപ്പിച്ചതില്‍ നിന്നാണെന്ന് ഓര്‍മിക്കാം. സഭയുടെ ചട്ടക്കൂടുകളില്‍ മാത്രം നില്‍ക്കുന്ന നവീന ബൈബിള്‍ വിവര്‍ത്തകര്‍ ശലോമോനെ വ്യത്യസ്ത ആംഗിളുകളിലാണ് അവതരിപ്പിക്കുന്നത്. ബൈബിളില്‍ ശലോമോന്റെ ഭക്ഷണച്ചെലവിന്റെ വിശദവിവരങ്ങള്‍ (ബൈബിള്‍ രാജാക്കന്മാര്‍: 4: 21-24) അനുസരിച്ച് ഊതിവീര്‍പ്പിച്ചതാവാമെന്ന നവീന ബൈബിള്‍ വ്യാഖ്യാതാക്കളുടെ വഴിയേ തന്നെയാണ് കെ സി വര്‍ഗീസിന്റെയും സഞ്ചാരം.
ചില കോട്ടകൊത്തളങ്ങളില്‍ ഇടിച്ചുകയറി പ്രക്ഷുബ്ധാവസ്ഥയോ വിമര്‍ശനങ്ങളില്‍ ചൂളാറുള്ള സഭയെ ഒന്നു കഠിനമായി വിയര്‍പ്പിക്കാനോ വര്‍ഗീസ് ജാഗരൂകനാവുന്നു. തെറ്റതില്‍ ഒട്ടുമേയില്ലതാനും.

ബൈബിള്‍ പഴയനിയമ ഗ്രന്ഥങ്ങളുടെ നാടോടിപാരമ്പര്യം- ഇംഗ്ലീഷില്‍ ഇതിനെ ഫോക് ട്രെഡിഷന്‍ എന്നു വര്‍ഗീസ് വിളിക്കുന്നു- തെല്ലു വിയോജിപ്പു രേഖപ്പെടുത്തുമ്പോള്‍ സെമിറ്റിക് വേദശാസ്ത്ര ഗ്രന്ഥങ്ങളിലെ മിത്തുകള്‍ക്കോ മറ്റ് ആഖ്യാനങ്ങള്‍ക്കോ ഫോക് എന്ന വിവക്ഷ ശരിയോ എന്നതിലേ വിയോജിപ്പുള്ളൂ.
നാടോടിഭാവനകള്‍ എന്നു പറയുമ്പോള്‍ ദൈവഗീതങ്ങള്‍ എന്ന ഇസ്‌ലാമിക വിശ്വാസത്തിനു കടകവിരുദ്ധമാണത്. ഖുര്‍ആനിലെ ഒരു വിശേഷണവും ഫോക് പാരമ്പര്യമെന്ന് മഹാപണ്ഡിതന്മാര്‍ വിശേഷിപ്പിച്ചിട്ടില്ല. ഒന്നുകില്‍ പ്രവാചകനു ലഭിച്ച ദിവ്യസന്ദേശം, ഹദീസുകളെന്നാല്‍ പ്രവാചകചര്യയും. ആധുനിക ബൈബിള്‍ വിചാരിപ്പുകാരുടെ സഭയെ പവിത്രമാക്കാനുള്ള ചില ശ്രമങ്ങളെയെങ്കിലും വര്‍ഗീസ് തള്ളുന്നു.
നല്ല ഭാഷ, നവീനമായ ആഖ്യാനം എന്നീ വിശേഷങ്ങളും ഈ പുസ്തകത്തിനു നല്‍കാം. 'മധുരമേറിയ പുസ്തകം' എന്ന പ്രസാധകരുടെ വിശേഷണം പരസ്യം എന്നതിലുപരി സത്യം തന്നെയാണ്.

RELATED STORIES

Share it
Top