പ്രൊവിഡന്റ്ഫണ്ട് വിഹിതം അടയ്ക്കുന്നതില്‍ വീഴ്ച

കാട്ടിക്കുളം: കര്‍ണാടക സ്വദേശി മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ കൈവശംവയ്ക്കുന്ന ആലത്തൂര്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതം അടയ്ക്കുന്നതില്‍ മാനേജ്‌മെന്റ് വീഴ്ചവരുത്തി. 2016 ഡിസംബറിനു ശേഷം ഇതുവരെ പിഎഫ് വിഹിതം അടച്ചിട്ടില്ലെന്നാണ് മാനന്തവാടി പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം വിവരാവകാശ ചോദ്യത്തിനു മറുപടി നല്‍കിയത്. കാട്ടിക്കുളത്തെ പൊതുപ്രവര്‍ത്തകനായ ബെന്നി പൂത്തറയിലാണ് തൊഴിലാളികള്‍ക്കു വേണ്ടി മറുപടി സമ്പാദിച്ചത്. എസ്‌റ്റേറ്റ് അധികൃതരോട് ഇക്കാര്യം ചോദിക്കുമ്പോള്‍ തോട്ടത്തില്‍ നിന്നു വിളവെടുത്ത ശേഷം അടയ്ക്കാമെന്നൊക്കെയുള്ള ഒഴുക്കന്‍ മറുപടിയാണ് ലഭിക്കുന്നതെന്ന് ആക്ഷേപമുണ്ട്. അതേസമയം, എല്ലാ സീസണിലും എസ്‌റ്റേറ്റിലെ കാര്‍ഷിക വിളകളുടെ കൃത്യമായ വിളവെടുപ്പ് മാനേജ്‌മെന്റ് നടത്താറുമുണ്ട്. തൊഴിലാളികളുടെ ആനുകൂല്യം നല്‍കുന്നതില്‍ മാത്രമാണ് വീഴ്ചവരുത്തുന്നത്. 32 സ്ഥിരം തൊഴിലാളികളും 34 കാഷ്വല്‍ തൊഴിലാളികളുമാണ് ആലത്തൂര്‍ എസ്‌റ്റേറ്റിലുള്ളത്. ഇതിനിടെ എസ്‌റ്റേറ്റില്‍ നിന്നു വിരമിച്ച പല തൊഴിലാളികള്‍ക്കും പിഎഫ് അടക്കമുള്ള ആനൂകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. മാനേജ്‌മെന്റിന്റെ വിഹിതം അടയ്ക്കാത്തതാണ് കാരണം. വിദേശ പൗരന്റെ ഉടമസ്ഥതയിലായിരുന്ന എസ്‌റ്റേറ്റാണ് മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ കൈവശം വയ്ക്കുന്നത്. ഇയാള്‍ ദത്തുപുത്രനായാണ് അറിയപ്പെടുന്നത്. വിദേശപൗരന് അനന്തരാവകാശികളില്ലെങ്കില്‍ ആ സ്വത്ത് സംസ്ഥാന സര്‍ക്കാരിലേക്ക് നിക്ഷിപ്തമാവണമെന്നാണ് ചട്ടം. ഈശ്വറിന് വിദേശപൗരന്റെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്തുകിട്ടിയ ഇടപാടുകള്‍ കര്‍ണാടകയിലെ പോലിസ് ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. ആലത്തൂര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനിടെ എസ്‌റ്റേറ്റ് മാനേജ്‌മെന്റ് തോട്ടത്തിലെ വിളവെടുക്കുകയും തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ഫണ്ട് അടവില്‍ വീഴ്ചവരുത്തുകയും ചെയ്യുന്നത് ആശങ്കയ്ക്കിടയാക്കി. എത്രയും വേഗം തങ്ങളുടെ പുനരധിവാസം ഉറപ്പാക്കി സര്‍ക്കാര്‍ തോട്ടം ഏറ്റെടുക്കുകയും അതുവരെ എസ്‌റ്റേറ്റ് അധികൃതരെ വിളവെടുക്കുന്നതില്‍ നിന്നു വിലക്കണമെന്നും തൊഴിലാളികള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. അല്ലെങ്കില്‍ ഇപ്രാവശ്യത്തെ വിളവിന്റെ വരുമാനം പിഎഫ് വിഹിതം അടവിനായി മാറ്റിവയ്ക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നും ആവശ്യമുയര്‍ന്നു.

RELATED STORIES

Share it
Top