പ്രൊജക്ട് ഖത്തര്‍ 2017ന് ഗംഭീര തുടക്കംദോഹ: ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന പതിനാലാമത് മെറ്റീരിയല്‍സ്, എക്യുപ്‌മെന്റ്‌സ് ആന്റ് കണ്‍സ്ട്രക്്ഷന്‍ ടെക്‌നോളജീസ്(പ്രൊജക്ട് ഖത്തര്‍-2017) ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ സാമ്പത്തിക-വാണിജ്യ മന്ത്രി ശെയ്ഖ് അഹ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി ഇന്നലെ ഉദ്ഘാടനം ചെയ്തു. ഊര്‍ജ വ്യാവസായിക മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍സാദയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഈ മാസം 11 വരെ തുടരുന്ന എക്‌സിബിഷനില്‍ 33 രാജ്യങ്ങളില്‍ നിന്നുമുള്ള 516 കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്.രാജ്യത്തെ  നയതന്ത്രജ്ഞര്‍, വ്യാപാരികള്‍, പ്രാദേശിക-വിദേശ കമ്പനി പ്രതിനിധികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന ശേഷം മുഖ്യാതിഥികള്‍ എക്‌സിബിഷനിലെ പ്രദര്‍ശനങ്ങള്‍ നോക്കിക്കണ്ടു.ഖത്തറില്‍ നടക്കുന്ന ഏറ്റവും വലിയ പ്രദര്‍ശനങ്ങളിലൊന്നാണ് പ്രൊജക്ട് ഖത്തറെന്ന് സാമ്പത്തിക മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നിരവധി പ്രാദേശിക-അന്തര്‍ദേശീയ കമ്പനികളെ ഈ എക്‌സിബിഷന്‍ ആകര്‍ഷിക്കുന്നുണ്ട്. ഖത്തറിന്റെ സാമ്പത്തിക സുസ്ഥിരതയുടെ തെളിവാണിത്. പ്രഖ്യാപിച്ച വലിയ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശേഷി ഖത്തറിനുണ്ടെന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ലോക കമ്പനികള്‍ പ്രൊജക്ട് ഖത്തറിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. മേഖലയിലെയും ലോകത്തിലെയും ഏറ്റവും കൂടുതല്‍ സാമ്പത്തിക സുസ്ഥിരതയുള്ള രാജ്യമാണ് ഖത്തര്‍. പെട്രോള്‍ വില ഇടിഞ്ഞ സന്ദര്‍ഭത്തില്‍ പോലും കഴിഞ്ഞ വര്‍ഷം നാല് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഖത്തറിനു സാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.വ്യത്യസ്ത മേഖലകളില്‍ ഖത്തര്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന വികസന മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ എല്ലാ നിക്ഷേപകരെയും സ്വാഗതം ചെയ്യുകയാണ്. ഖത്തര്‍ മാര്‍ക്കറ്റിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് പരിചയപ്പെടുത്തുകയാണ് പ്രൊജക്ട് ഖത്തറിലൂടെ ലക്ഷ്യമാക്കുന്നത്. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 അടിസ്ഥാനമാക്കിയുള്ള വികസന കുതിപ്പില്‍ ചെറുകിട-ഇടത്തരം സംരംഭകരുടെ പങ്കാളിത്തം ഖത്തര്‍ താല്‍പര്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top