പ്രീത ഷാജിയെയും കുടുംബത്തെയും ഒഴിപ്പിക്കല്‍: സര്‍ക്കാരിന് 15 ദിവസം കൂടി സമയം അനുവദിച്ചു

കൊച്ചി: പത്തടിപ്പാലം സ്വദേശിനി പ്രീത ഷാജിയുടെയും കുടുംബത്തിന്റെയും കിടപ്പാടം ഒഴിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി 15 ദിവസം കൂടി സമയം അനുവദിച്ചു. നേരത്തേ സമയം അനുവദിച്ചതാണെന്നും ഇനിയും സമയം അനുവദിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കിടപ്പാടം ഏറ്റെടുക്കണമെന്ന ഉത്തരവ് ജൂലൈയില്‍ പുറപ്പെടുവിച്ചതാണെന്നും പ്രശ്‌നങ്ങളൊന്നുമില്ലാതെ വിധി നടപ്പാക്കാന്‍ സമയം നല്‍കിയിട്ടും നടക്കാത്തത് എന്തുകൊണ്ടാണെന്നും കേസ് പരിഗണനയ്ക്ക് എടുത്തയുടനെ കോടതി ചോദിച്ചു. രക്തച്ചൊരിച്ചില്‍ ഇല്ലാതെ കോടതി വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് സര്‍ക്കാ ര്‍ അറിയിച്ചു.
ആലങ്ങാട് പഞ്ചായത്തിനു സമീപം എട്ടു സെന്റ് കിടപ്പാടമോ 40 ലക്ഷം രൂപയോ പ്രീത ഷാജിക്കു നല്‍കാന്‍ ഹരജിക്കാരനായ എം എന്‍ രതീഷ് തയ്യാറാണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ഈ ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. പല തവണ ഉത്തരവിറക്കിയിട്ടും അത് നടപ്പാക്കാനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് പ്രീത ഷാജിയോടും കുടുംബത്തോടും സഹാനുഭൂതിയുണ്ടാവാം, അത് പക്ഷേ, വിധിയെ മറികടക്കുന്നതാവരുതെന്നും കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top