പ്രീതാ ഷാജിയുടെ ജപ്തി വിരുദ്ധ സമരം: ജയിലടക്കപ്പെട്ടവര്‍ നിരാഹാര സമരത്തിലേക്ക്കൊച്ചി: പ്രീതാ ഷാജിയുടെ ജപ്തി വിരുദ്ധ സമരത്തെ തുടര്‍ന്ന് ജയിലിലടക്കപ്പെട്ട 14 പേര്‍ 26ന് സര്‍ക്കാറിന്റെ നെറികേടില്‍ പ്രതിഷേധിച്ച് നിരാഹാര സമരം ആരംഭിക്കുന്നു. ജയിലില്‍ കഴിയുന്ന സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ വി സി ജെന്നി,ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധ സമിതി പ്രസിഡന്റ് പി ജെ മാനുവല്‍, ബൈജു കണ്ണന്‍,  വിജിഷ്, ജയകുമാര്‍, പ്രകാശ്, പ്രശാന്ത്, ദിവേഷ്, രെജു, ഡോ. ഹരി, സി എസ് മുരളി, ജിഷാദ്, നഹാസ്, ശ്രീകാന്ത്, ക്രിസ്റ്റി എന്നിവരാണ് നിരാഹാരം സമരം ആരംഭിക്കുന്നത്. സമരക്കാരെ അടിച്ചമര്‍ത്താന്‍ പോലിസ് നിയമ വിരുദ്ധ നയങ്ങളാണ് സ്വീകരിച്ചതെന്ന് ആക്ഷേപം ഉയരുന്നതിനിടേയാണ് നിരാഹാര സമരം ആരംഭിക്കുന്നത്. പ്രീതാ ഷാജിയുടെ കുടിയൊഴിപ്പിക്കല്‍ തടഞ്ഞവര്‍ക്കെതിരെ കടുത്ത നടപടികളാണ് പോലിസ് സ്വീകരിച്ചത്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചാര്‍ത്തി ജയിലിലടച്ചു. 50ഓളം പേര്‍ക്കെതിരേ ജാമ്യമില്ല വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കുകയും ചെയ്തു. അതേസമയം, സമരത്തിനിടെ അറസ്റ്റിലായ 25 സിപിഎം പ്രവര്‍ത്തകരെ പോലിസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സമരത്തെ തകര്‍ത്ത് റിയല്‍ എസ്‌റ്റേറ്റ് മാഫിയക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതെന്ന് സമരക്കാര്‍ പറഞ്ഞു.
എടുക്കാത്ത വായ്പയുടെ പേരില്‍ കടക്കെണിയിലായ മാനത്ത് പാടത്ത് പ്രീത ഷാജിയുടെ വീടിനു മുന്നിലാണ് രാപ്പകല്‍ സമരം നടന്നിരുന്നത്. ജൂലൈ 9 ന് ഹൈക്കോടതി വിധിപ്രകാരം ഇവരെ കുടിയൊഴിപ്പിക്കാനെത്തിയ പോലിസും അഡ്വക്കറ്റ് കമ്മീഷനും സമരസമിതിയുടെ എതിര്‍പ്പ് മൂലം തിരിച്ചു പോയിരുന്നു. ഇതേ തുടര്‍ന്നാണ് സമരക്കാര്‍ക്കെതിരേ പോലിസ് നടപടി ആരംഭിച്ചത്. സമരക്കാരെ ജയിലില്‍ അടക്കാന്‍ പൊലിസ് ചുമത്തിയത് ആത്മഹത്യാ പ്രേരണാകുറ്റമടക്കമുള്ള വകുപ്പുകളാണ്. ഇതിന് പുറമെ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കല്‍, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളും പോലിസ് ചുമത്തിയിട്ടുണ്ട്. പോലിസിന്റെ നിയമ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരക്കാര്‍ 26ന് നിരാഹാരം ആരംഭിക്കുന്നത്.

RELATED STORIES

Share it
Top