പ്രായശ്ചിത്ത പ്രദക്ഷിണം: ആര്‍എസ്എസ് നടപടിക്കെതിരേ പ്രതിഷേധം

കണ്ണൂര്‍: കഠ്‌വ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്‍ കെ പി രാമനുണ്ണി ചിറക്കല്‍ കടലായി ക്ഷേത്രത്തില്‍ നടത്തിയ പ്രായശ്ചിത്ത പ്രദക്ഷിണം തടഞ്ഞ ആര്‍എസ്എസ് നടപടിക്കെതിരേ പ്രതിഷേധം. മതഭ്രാന്തന്മാര്‍ ആരാധാനലയങ്ങളെ ദുരുപയോഗിച്ച് നടത്തുന്ന കാട്ടാളത്തത്തിനെതിരായ വിശ്വാസികളുടെ പ്രാര്‍ഥനയാണ് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കണ്ടതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.
ആര്‍എസ്എസ് പോലെയുള്ള തീവ്രവാദ ശക്തികളാണ് ക്ഷേത്രങ്ങളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരേ ക്ഷേത്രവിശ്വാസികളില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നു വരുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇത്തരം പ്രാര്‍ഥനകളെ പോലും അനുവദിക്കില്ലെന്ന നിലപാടാണ് ആര്‍എസ്എസും സംഘപരിവാറും നടത്തുന്നത്. ഇതിന്റെ ഭാഗമായുള്ള നടപടികളാണ് ക്ഷേത്രത്തില്‍ അവരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത്തരം എതിര്‍പ്പുകളെ രാമനുണ്ണി ഉള്‍െപ്പടെയുള്ളവര്‍ക്ക് അതിജീവിക്കാനായി.
അയിത്ത ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ട് നടന്ന സമരകാലത്ത് ജാതിഭ്രാന്തന്‍മാരാണ് നവോത്ഥാന സന്ദേശത്തെ ആക്രമ ണത്തിലൂടെ തടയാന്‍ ശ്രമിച്ചത്. ഇന്ന് മതഭ്രാന്തന്മാരാണ് വിശ്വാസികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന അഭിപ്രായങ്ങളെ ബലം പ്രയോഗിച്ച് തടയാന്‍ ശ്രമിക്കുന്നതെന്നും ജയരാജന്‍ പ്രസ്താവിച്ചു. ശയനപ്രദിക്ഷണത്തിനെത്തിയവരെ സംഘടിത കായികമായി നേരിടാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍കരീം ചേലേരി പ്രസ്താവിച്ചു.
കഠ്‌വ കൊലപാതകത്തിനെതിരേ അപ്പോള്‍ത്തന്നെ പ്രതിഷേധവുമായി രംഗത്തു വരികയും രാജ്യത്തെ മതേതര വിശ്വാസികളോടൊപ്പം നിലയുറപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ് രാമനുണ്ണി. ഈ ദാരുണ സംഭവത്തിന് പ്രായശ്ചിത്തമായി ക്ഷേത്രത്തിനകത്ത് ശുദ്ധികലശം നടത്തണമെന്ന അദ്ദേഹത്തിന്റെ പ്രതികരണം ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്.
അതിന്റെ ന്യായാന്യാതകള്‍ എന്തായാലും, ഹിന്ദുമത വിശ്വാസികളിലെ മഹാഭൂരിപക്ഷവും കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ചു നടത്തിയ വലിയ പ്രതികരണങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള എഴുത്തുകാരന്റെ നിലപാടായിരുന്നു അത്. അതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ശക്തികളുടെ പ്രതികരണമാണ് അദ്ദേഹത്തെ കൈയേറ്റം ശ്രമിച്ചത്തിലൂടെ പുറത്തുവന്നതെന്നും അത് അപലപനീയമാണെന്നും കരീം ചേലേരി പ്രസ്താവനയില്‍ പറഞ്ഞു.

RELATED STORIES

Share it
Top