പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസ് ഒതുക്കാന്‍ നീക്കം

നാദാപുരം: വളയം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ലക്ഷങ്ങളുടെ വാഗ്ദാനവുമായി ചിലര്‍ രംഗത്തെത്തി. പെണ്‍കുട്ടിയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ചാണ് കേസില്‍ തങ്ങളുടെ പേര് പറയരുതെന്ന ആവശ്യവുമായാണ് ചിലര്‍ രംഗത്തെത്തിയയത്. അങ്ങിനെ ചെയ്താല്‍ ലക്ഷങ്ങള്‍ നല്‍കുമെന്നുമാണ് ഇവര്‍ വാഗ്ദാനം ചെയ്തത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മലപ്പുറത്ത് നിന്നും രണ്ടു നമ്പറുകളില്‍ നിന്നായാണ് ഫോണ്‍ വിളികള്‍ വന്നത്. ഇപ്പോള്‍ രണ്ടു നമ്പറും സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഈ നമ്പറുകള്‍ പൊലിസിന് നല്‍കുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഒരു മാസം മുമ്പാണ് പെണ്‍കുട്ടിയെ മാതാവിന്റെ സഹായത്തോടെ മലപ്പുറം, ഗൂഡല്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ വെച്ച് പലരും പീഡിപ്പിച്ചത്. ഇവിടങ്ങളില്‍ ഹോട്ടല്‍ മുറികളിലും വാടക കെട്ടിടങ്ങളിലും വെച്ചായിരുന്നു പീഡനം നടന്നതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. വളയം പൊലിസാണ് പീഡനക്കേസ് അന്വേഷിക്കുന്നത്. കേസന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടയില്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞ പ്രതികളെപ്പോലും പിടികൂടാന്‍ പൊലിസിന് കഴിയാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.
പ്രതികളെ പിടികൂടുന്നില്ലെന്ന ആരോപണവുമായി അടുത്ത ദിവസം തന്നെ ഉന്നത പോലിസ് ഉദ്യോഗസ്ഥരെയും വനിതാ കമ്മീഷനെയും സമീപിക്കുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആദ്യം നാദാപുരം പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ മാതാവിനെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. പീഡനം നടന്ന സ്ഥലം വളയം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. വളയം പൊലിസ് പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഈ സമയത്ത് പൊലിസ് പ്രതികളെന്ന് സംശയിക്കുന്ന ചിലരുടെ ഫോട്ടോകള്‍ പെണ്‍കുട്ടിയെ കാണിച്ചിരുന്നു. ഇതില്‍ ചിലരെ പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തിരുന്നു.
ഇതില്‍ നരിപ്പറ്റയിലെ യുവാവിനെപ്പറ്റിയും മറ്റൊരാളെപ്പറ്റിയും ഉള്ള എല്ലാ തെളിവുകളും പെണ്‍കുട്ടി പൊലിസിന് നല്‍കിയതാണ്. യുവാവിന്റെ വ്യാപാര സ്ഥാപനത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. ഈ പരിചയത്തിലാണ് യുവാവ് മുഖേന മാതാവ് പെണ്‍കുട്ടിയെ വളയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക വീട്ടില്‍ നിന്ന് ആഡംബര വാഹനങ്ങളില്‍ കയറ്റിക്കൊണ്ടു പോയി പലര്‍ക്കുമായി കാഴ്ച വെച്ചത്. പൊലിസിന് വ്യക്തമായ സൂചന ലഭിച്ചിട്ടും പ്രതികളെ പിടികൂടാത്ത പൊലിസിന്റെ നിലപാടില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേസിന്റെ അന്വേഷണം ഊര്‍ജിതമായി നടന്നിട്ടില്ലാത്ത സാഹചര്യത്തില്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതിസ്ഥാനത്തുള്ള ചില പ്രമുഖരെ രക്ഷിക്കാനുള്ള പൊലിസിന്റെ നീക്കമാണെന്നാണ് ആരോപണം.

RELATED STORIES

Share it
Top