പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; കേസിന് തുമ്പായില്ല: അന്വേഷണത്തിന് സ്‌ക്വാഡ്

നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാതാവിന്റെ സഹായത്താല്‍ പീഡിപ്പിച്ച കേസില്‍ പ്രതികളെ കണ്ടെത്താനാവാതെ പോലിസ് . ഒരു മാസം മുമ്പാണ് വളയം പോലിസ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. ചോമ്പാല്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടമ്മയാണ് പ്രായ പൂര്‍ത്തിയാവാത്ത കുട്ടിയെ മലപ്പുറം,കോയമ്പത്തൂര്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലായി പലര്‍ക്കായി കാഴ്ച വെച്ചത്.
കേസില്‍ അറസ്റ്റിലായ മാതാവ് ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്. ഇവരെ കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തെങ്കിലും വിവരങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നാണ് പോലിസ് പറയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് വളയം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വളയം സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചപ്പോഴാണ് പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ചത്.
കേസില്‍ ഉള്‍പ്പെട്ട രണ്ട് പ്രതികള്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. പ്രതികളുടെ ഫോട്ടോ പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തിരുന്നു. പ്രതികളുടെ വീടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണങ്ങള്‍ നടന്നെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല. ഇതിനിടെ നാദാപുരം ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ച് കഴിഞ്ഞ ദിവസം അന്വേഷണം പോലിസ് ആരംഭിച്ചിട്ടുണ്ട്.
വളയം മേഖലയില്‍ നിന്ന് ആഡംബര വാഹനങ്ങളിലാണ് പെണ്‍കുട്ടിയെ കടത്തി കൊണ്ട്‌പോയതെന്നാണ് പരാതിയില്‍ പറയുന്നു. മാതാവിന്റെ പരിചയത്തില്‍പെട്ട യുവാവാണ് ഇതിന് പിന്നില്‍ പ്രവൃത്തിച്ചത്. ഇയാളും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിലും പീഡനം നടന്നതായും പരാതിയില്‍ പെണ്‍കുട്ടി പറയുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊണ്ടോട്ടി പോലിസും പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തിരുന്നു.

RELATED STORIES

Share it
Top