പ്രായപൂര്‍ത്തിയാവാത്ത മകളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസ്: മാതാവ് റിമാന്‍ഡില്‍

നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത മകളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസില്‍ അറസ്റ്റിലായ മാതാവ് റിമാന്റില്‍. കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെ നാദാപുരത്ത് റജിസ്റ്റര്‍ ചെയ്ത കേസ് വളയത്തേക്ക് കൈമാറി. രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ബന്ധുക്കള്‍ നാദാപുരം പോലിസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുമായി യുവതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ നാദാപുരം പോലിസ് നടത്തിയ ശ്രമമാണ് യുവതിയെ കസ്റ്റഡിയിലാക്കാന്‍ സഹായിച്ചത്.
പരാതി ലഭിച്ച ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് പെണ്‍കുട്ടിയെ കണ്ടെത്തി മൊഴിയെടുത്തതോടെയാണ് യുവതിയുടെ പങ്ക് വ്യക്തമായതും അറസ്റ്റിലേക്കെത്തിച്ചതും. പെണ്‍കുട്ടിയെ പലരും വാഹനങ്ങളിലെത്തി കൂട്ടിക്കൊണ്ട് പോയത് വളയം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നായതിനാല്‍ നാദാപുരം പോലിസ് കേസ് വളയത്തേക്ക് കൈമാറി. വളയം പോലിസ് പ്രഥമവിവരം ശേഖരിച്ച ശേഷം പുതിയ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വളയം പോലിസ് കേസ് സംബന്ധിച്ച വിവരങ്ങള്‍ പോസ്‌കോ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിക്കും സമര്‍പ്പിച്ചിട്ടുണ്ട്. വളയം സ്റ്റേഷന്‍ പരിധിയില്‍ നിന്നും കുട്ടിയെ കടത്തിക്കൊണ്ട് പോയി മലപ്പുറം ജില്ലയില്‍ വെച്ചാണ് പീഢനം നടന്നത് എന്ന് മനസ്സിലായതോടെ കേസ് വിവരങ്ങള്‍ മലപ്പുറം ജില്ലാ പോലിസിനും കൈമാറിയിട്ടുണ്ട്.
കൊണ്ടോട്ടി പോലിസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. കേസ് സംബന്ധിച്ച വിവരങ്ങള്‍ വളയം പോലിസ് കൊണ്ടോട്ടി പോലിസിന് കൈമാറി. അതിനിടെ മാതാവ് താമസിച്ച വീട്ടില്‍ നിരവധി ആഢംബര വാഹനങ്ങളിലെത്തിയാണ് പെണ്‍കുട്ടിയെ കൊണ്ടുപോയതെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സമൂഹത്തിലെ ഉന്നത ബന്ധങ്ങളുള്ള നിരവധി പ്രമുഖര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിര്‍ണായക വിവരങ്ങളും പോലിസിന്റെ പക്കലുണ്ട്.

RELATED STORIES

Share it
Top