പ്രാദേശിക പത്രലേഖകനില്‍ നിന്ന് സിനിമാ സംവിധാനത്തിലേക്ക്

വി ജി  പോറ്റി  കിളിമാനൂര്‍

കിളിമാനൂര്‍: പ്രാദേശിക പത്രലേഖകനില്‍ നിന്ന് സിനിമാ സംവിധായകനായി മാറിയ പ്രജേഷ് സെന്‍ കലാലോകത്ത് ശ്രദ്ധാകേന്ദ്രമാവുന്നു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ എന്ന സിനിമ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. വി പി സത്യന്‍ എന്ന ഫുട്‌ബോള്‍ താരത്തിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്യാപ്റ്റന്‍. ആദ്യമായി കേരളത്തിലെ ഒരു ഫുട്‌ബോള്‍ താരത്തിന്റെ കഥ സിനിമയാക്കുന്നതിന്റെ നേട്ടവും പ്രജേഷിനു സ്വന്തം.
ആരും കൈപിടിച്ചുയര്‍ത്താന്‍ ഇല്ലാതിരുന്നിട്ടും ഇല്ലായ്മയില്‍ നിന്നു തുടങ്ങി സിനിമയുടെ മാസ്മരിക ലോകത്ത് തന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഗ്രാമീണനായ ഈ ചെറുപ്പക്കാരന്‍. 2014 അവസാനത്തോടെയാണ് പത്രസ്ഥാപനത്തില്‍ നിന്നു സിനിമാലോകത്തേക്ക് ചേക്കേറുന്നത്. പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ സിദ്ദീഖിന്റെ സഹായിയായിട്ടായിരുന്നു തുടക്കം. പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന ക്യാപ്റ്റനില്‍ ജയസൂര്യയും അനു സിതാരയുമാണ് നായികാ നായകന്മാര്‍.
കിളിമാനൂര്‍ പാപ്പാല പൂവത്തൂര്‍ വീട്ടില്‍ എന്‍ ഗോപി-ടി കെ ലതിക ദമ്പതിമാരുടെ മകനാണ് പ്രജേഷ് സെന്‍ എന്ന നാട്ടുകാരുടെ തമ്പി. പാപ്പാല ഗവ. എല്‍പിഎസിലും കിളിമാനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് പ്രാഥമിക വിദ്യാഭ്യാസം. ഉപരിപഠനത്തിനു ശേഷം വളരെക്കാലം കിളിമാനൂരിലെ ഒരു പാരലല്‍ കോളജില്‍ അധ്യാപകനായിരുന്നു. ഒപ്പം തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരു ചെറിയ ടേപ്പ് റെേക്കാര്‍ഡറുമായി കറങ്ങിനടന്ന് ആകാശവാണിയുടെ ശ്രദ്ധേയമായ പ്രഭാതഭേരി എന്ന പരിപാടിക്കു വേണ്ടി പ്രോഗ്രാം തയ്യാറാക്കി.
പ്രാദേശിക ലേഖകനായും പിന്നീട് പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ച പ്രജേഷ് സെന്നിനു 2009ല്‍ തെരുവത്ത് രാമന്‍ അവാര്‍ഡും 2013ല്‍ രാംനാഥ് ഗോയെങ്ക അവാര്‍ഡും അടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സഹോദരന്‍ ലെബിസണ്‍ ഗോപി സിനിമാ സ്റ്റി ല്‍ ഫോട്ടോഗ്രാഫറാണ്.

RELATED STORIES

Share it
Top