പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി പരാതി ്‌

വേങ്ങര: പറപ്പൂര്‍ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി പരാതി. ഇരിങ്ങല്ലൂര്‍ പാലാണി അമ്പലവന്‍ പുത്തന്‍പീടിയേക്കല്‍ കുഞ്ഞലവിയുടെ ഭാര്യ ഫാത്തിമ (60)ക്കാണു രക്ത സമ്മര്‍ദ നിയന്ത്രണത്തിനു നല്‍കിയ ഗുളികകളാണു കാലാവധി കഴിഞ്ഞതെന്നു നാട്ടുകാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ദീര്‍ഘകാലമായി രക്തസമ്മര്‍ദ രോഗത്തിനു ചികില്‍സ നടത്തുന്ന ഫാത്തിമക്കു കഴിഞ്ഞ ദിവസം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും സിലാകാര്‍ട്ട് ഗുളികകളാണു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഫാര്‍മസിയില്‍ നിന്ന് സിലോവിന്‍ 5 ഗുളികകളാണ് നല്‍കിയത്. പത്ത് ഗുളികകളടങ്ങുന്ന സ്രടിപ്പില്‍ നിന്നു കാലാവധി രേഖപ്പെടുത്തുന്ന ഭാഗത്തെ രണ്ട് ഗുളികകള്‍ വീതം മുറിച്ചു മാറ്റിയ നിലയിലായിരുന്നു. വിതരണം ചെയ്ത 8 സ്ട്രിപ്പുകളിലും ഇതേ രീതിയിലായിരിന്നു. കാലാവധി രേഖപ്പെടുത്തിയ ഭാഗം ബോധപൂര്‍വം മുറിച്ചു മാറ്റപ്പെട്ടതാണെന്നാണ് നാട്ടുകാരുടെ ആരോപണം.
6 മാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത് ഈ കേന്ദ്രത്തില്‍ നിന്നും ഉയരുന്നത്. നേരത്തെ കണ്ണുരോഖം ബാധിച്ചു ചികില്‍സ തേടിയെത്തിയ 10 വയസുകാരനു കാലാവധി കഴിഞ്ഞ തുളളിമരുന്ന് നല്‍കിയിരുന്നു. മരുന്നു വിതരണത്തില്‍ മാഫിയകള്‍ ഇടപെടുന്നതായി സംശയമുണ്ടെന്നും നാട്ടുകാര്‍അറിയിച്ചു.അതേസമയം, മരുന്ന് മാറിയിട്ടില്ലെന്നും മാര്‍ച്ച് 31 വരെ മരുന്നിനു കാലാവധി ഉണ്ടെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ. ദീപ്തി അറിയിച്ചു.
മുനീര്‍ ബുകാരി,എ പി കുഞ്ഞലവി, കെ മൊയ്തീന്‍,എ പി അബൂബക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംഭവവുമായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു പരാതി നല്‍കി.

RELATED STORIES

Share it
Top