പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ ദുരിതത്തില്‍

പിരായിരി: മഴക്കാലമായതോടെ നാടെങ്ങും രോഗങ്ങള്‍ പടരുമ്പോഴും ഗ്രാമീണമേഖലകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനമില്ലായ്മ രോഗികളെ ദുരിതത്തിലാക്കുന്നു.
കൊടുന്തിരപ്പുള്ളിയിലുള്ള പിരായിരി പഞ്ചായത്ത്  പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ ഇടക്കിടെ ഇല്ലാതാവുന്നു. ശനിയാഴ്ച ദിവസം ഡ്യൂട്ടി ഡോക്ടറില്ലാത്തതിനാല്‍ നിരവധി രോഗികളാണു ദുരിതത്തിലായത്. ഇതിനുമുമ്പും ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ ഡോക്ടര്‍ ഉണ്ടാവാറില്ലെന്ന് ആശുപത്രയിലെത്തിയവര്‍ പറഞ്ഞു.
എന്നാല്‍ ഇത്തരത്തില്‍ ഡോക്ടര്‍മാര്‍ ലീവാകുന്നതു സമീപത്തുള്ള പ്രൈവറ്റ് ഡോക്ടര്‍മാരുടെ ക്ലിനിക്കുകളെ സഹായിക്കാനാണെന്ന ആരോപണങ്ങളാണുയരുന്നത്. സാധാരണക്കാര്‍ ആശ്രയിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ സൗജന്യ ചികില്‍സയാണെന്നിരിക്കെ ചികില്‍സ തേടിയെത്തുമ്പോള്‍ സേവനം ലഭ്യമല്ലാത്തതിനാല്‍ സ്വകാര്യ ക്ലിനിക്കുകളില്‍ പരിശോധനക്കും മരുന്നിനുമായി 300 രൂപയോളം ചിലവാക്കേണ്ടഗതികേടാണ്. കാശുള്ളവര്‍ പണം മുടക്കി സ്വകാര്യ ഡോക്ടര്‍മാരെ സമീപിക്കുമ്പോള്‍ പാവങ്ങളായ രോഗികള്‍ നിരാശയോടെ മടങ്ങുകയാണ്.
മാത്രമല്ല ഡോക്ടര്‍മാര്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ ഡ്യൂട്ടിയിലുള്ള അറ്റന്‍ഡര്‍ സ്റ്റാഫുകളോട് പറഞ്ഞാല്‍ മരുന്നുകുറിച്ചു തരാമെന്നാണ് രോഗികളോട് പറയുന്നത്. മഴക്കാലമായതും സാംക്രമിക രോഗങ്ങള്‍ പടരുന്ന സാഹചര്യത്തിലും ഇത്തരം പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഡ്യൂട്ടി ഡോക്ടര്‍ അവധിയാകുന്ന നേരത്ത് പകരം ഡോക്ടറെ നിയമിക്കേണ്ട ആരോഗ്യവകുപ്പ് ഇതൊന്നും  അറിഞ്ഞമട്ടില്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഉന്നതനിലവാരത്തിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റാനൊരുങ്ങുകയാണ്.അതിനു മുമ്പ് നിലവില്‍ രോഗികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top