പ്രാണികുലത്തിന്റെ ജീവതാളമോര്‍മിപ്പിച്ച് ശാസ്ത്ര നാടക മല്‍സരം

ടിഎംസി തൃക്കരിപ്പൂര്‍

തൃക്കരിപ്പൂര്‍: വികസനത്തിന്റെ ബഹുനില കെട്ടിടത്തില്‍ നിന്ന് പടുകുഴിയിലേക്ക് പതിക്കുന്ന പുത്തന്‍ തലമുറ യുവാവിനെ ജിയോ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ച പ്രാണി എന്ന ശാസ്ത്ര നാടകം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ചെറുവത്തൂര്‍ ഉപജില്ല ശാസ്‌ത്രോല്‍സവത്തോടനുബന്ധിച്ച് കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം ശാസ്ത്രനാടക മല്‍സരത്തില്‍ കൊടക്കാട് കേളപ്പജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കുട്ടികളുടെ നാടകവേദിക്ക് പുതിയ ഉയരങ്ങള്‍ സമ്മാനിച്ചത്.
പ്രാചീന കാനന ജീവിതത്തില്‍ നിന്നും നഗരപരിഷ്‌കാരങ്ങളിലേക്ക് വളര്‍ന്നപ്പോള്‍, സകല ജൈവീക നന്മകളേയും തകര്‍ത്തെറിയുന്ന വര്‍ത്തമാന മനുഷ്യജീവിതത്തെ ശക്തമായി വിചാരണ ചെയ്യുന്നതായിരുന്നു നാടകം. ആര്‍ത്രോപോഡുകളും ഓക്‌സിജന്‍ തന്മാത്രകളും തൊട്ട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും സ്റ്റീഫന്‍ ഹോക്കിങും ചാര്‍ലി ചാപ്ലിനും ഗാന്ധിജിയും വരെ ഇന്ന് നമ്മള്‍ സൃഷ്ടിക്കുന്ന യന്ത്രവല്‍കൃത ലോകത്തെ വിചാരണ ചെയ്യാന്‍ കഥാപാത്രങ്ങളായി അരങ്ങത്തെത്തുന്നു.
പ്രാണിയില്‍ ജിയോയെ അവതരിപ്പിച്ച ബിപിന്‍ രാജാണ് മികച്ച നടനായി തിരഞ്ഞെടുത്തത്. ഇതേ നാടകത്തില്‍ കാട്ടാളത്തിയായി വേഷമിട്ട അമലമോള്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മലയാള ശാസ്ത്ര നാടകവേദിക്ക് പുതിയ സജീവത സൃഷ്ടിച്ച പ്രകാശന്‍ കരിവെള്ളൂര്‍-രതീശന്‍ അന്നൂര്‍ ടീമാണ് നാടകമൊരുക്കിയത്. കെ എം സിദ്ധാര്‍ഥ്, കെ ഹരിദേവ്, ആദിത്ത് ഷൈന്‍, എം ഋഷിക, ശ്രീലക്ഷ്മി, ദേവനന്ദന്‍ എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. ഉദിനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച ജീവതാളം എന്ന നാടകത്തിനാണ് രണ്ടാം സ്ഥാനം.RELATED STORIES

Share it
Top