പ്രസ്‌ക്ലബ് ആക്രമണം: എട്ടു പേര്‍ ഒളിവില്‍ രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബില്‍ അതിക്രമിച്ചുകയറി മാധ്യമപ്രവര്‍ത്തകനെയും പ്രകടനത്തിനിടെ ബൈക്ക് യാത്രികനെയും മര്‍ദിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാഴക്കാട് ചെറുവായൂര്‍ നടക്കലക്കണ്ടി കുഞ്ഞുണ്ണിയുടെ മകന്‍ ദിലീപ് കുമാര്‍ (31), ചെറുവായൂര്‍ കല്ലിങ്ങത്തൊടി അച്യുതന്റെ മകന്‍ ഷിബു (30) എന്നിവരെയാണ് മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രേംജിത്, എസ്‌ഐ ബി എസ് ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്യാന്‍ പ്രതികളുടെ വീട്ടിലെത്തിയ പോലിസിനെ തടയാന്‍ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതു നേരിയ സംഘര്‍ഷത്തിനിടയാക്കി. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. പ്രസ്‌ക്ലബ്ബിനു മുന്നിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് 10 പേര്‍ക്കെതിരേ കേസെടുത്തിരുന്നു.
അന്യായമായി സംഘം ചേരല്‍, കവര്‍ച്ച, മര്‍ദനം, വധഭീഷണി തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ ഒളിവിലാണെന്നും ഇവരെ ഉടനെ പിടികൂടുമെന്നും പോലിസ് അറിയിച്ചു.
വ്യാഴാഴ്ചയാണ് പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി ഓഫിസ് കൂടിയായ പ്രസ്‌ക്ലബ്ബില്‍ അതിക്രമിച്ചുകയറി 10ഓളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനെ മര്‍ദിച്ചത്. ജില്ലാ കാര്യാലയം അക്രമിച്ചെന്ന് ആരോപിച്ചു നടത്തിയ പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ മര്‍ദിക്കുന്നതു കാമറയില്‍ പകര്‍ത്തിയതിലുള്ള വിരോധത്തിലാണ് ആര്‍എസ്എസുകാര്‍ പ്രസ്‌ക്ലബ്ബില്‍ കയറി അക്രമം നടത്തിയതും മൊബൈല്‍ ഫോണ്‍ കവര്‍ന്നതും.

RELATED STORIES

Share it
Top