പ്രസിഡന്റ് സ്ഥാനം സ്വതന്ത്രന് നല്‍കാന്‍ സിപിഎം തീരുമാനം

എടപ്പാള്‍: തവനൂര്‍ പഞ്ചായത്തിലെ കൂരട വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പോടെ ഭൂരിപക്ഷം കിട്ടിയ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേക്കു സ്വതന്ത്രനു പിന്തുണ നല്‍കാന്‍ സിപിഎം തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന കൂരട വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിച്ച പി പി അബ്ദുല്‍ നാസറിന് പിന്തുണ നല്‍കി പ്രസിഡന്റാക്കാനാണു കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചത്.
നേരത്തെ കൂരട വാര്‍ഡില്‍ നിന്നും യുഡിഎഫ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ നാസര്‍ സ്ഥാനം രാജിവെച്ച് എല്‍ഡിഎഫ് പിന്തുണയോടെ വീണ്ടും മല്‍സരിച്ചാണു വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത്. അബ്ദുല്‍ നാസറിന്റെ വിജയത്തോടെ പഞ്ചായത്തില്‍ എല്‍ഡിഎഫിനു പത്തും യുഡിഎഫിന് 9 ഉം സീറ്റുകളാണുള്ളത്.
എന്നാല്‍ നിലവില്‍ തവനൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റായി തുടരുന്ന കെ പി സുബ്രഹ്്മണ്യന്‍ സ്ഥാനം രാജിവെച്ചാല്‍ മാത്രമേ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ കഴിയൂ.
മൂന്നു മാസങ്ങള്‍ക്കു മുന്‍പ് എല്‍ഡിഎഫ്-യുഡിഎഫിന്റെ പ്രസിഡന്റായ സുബ്രഹ്്മണ്യനെതിരേ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു.  പ്രമേയം ചര്‍ച്ചക്കെടുത്ത ദിവസം യുഡിഎഫ് അംഗങ്ങള്‍ യോഗത്തിനെത്തിച്ചേരാത്തതിനാല്‍ ചര്‍ച്ചക്കെടുക്കാനായില്ല.
അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുന്നതിന് ആറ് മാസത്തെ ഇടവേളയെങ്കിലും വേണമെന്നിരിക്കെ അടുത്ത മൂന്ന് മാസം കൂടി നിലവിലെ പ്രസിഡന്റ് കെ പി സുബ്രഹ്്മണ്യന് സ്ഥാനത്ത് തുടരാനാവും.
സുബ്രഹ്്മണ്യന്‍ രാജിക്കു തയ്യാറായില്ലെങ്കില്‍ കാലാവധി തീരുന്ന മുറക്ക് എല്‍ഡിഎഫിന്  അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കാം. സുബ്രഹ്്മണ്യന്റെ കാലാവധി കഴിഞ്ഞു മാത്രമേ സ്ഥാനം രാജിവെക്കുകയുള്ളുവെന്ന തീരുമാനത്തിലാണു യുഡിഎഫ് നേതൃത്വം.

RELATED STORIES

Share it
Top