പ്രസിഡന്റ് തിരഞ്ഞെടുപ്പ്: റഷ്യയില്‍ ജനം വിധിയെഴുതി

മോസ്‌കോ: റഷ്യയില്‍ ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതി. രാഷ്ട്രീയ അന്തരീക്ഷം നിലവിലെ പ്രസിഡന്റ് വഌദിമിര്‍ പുടിന് അനുകൂലമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. പുടിനെ കൂടാതെ ഏഴുപേരാണ് തിരഞ്ഞെടുപ്പില്‍ വിധിതേടുന്നത്.
റഷ്യയില്‍ വിവിധ സ്ഥലങ്ങളില്‍ പല സമയങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്.  10.9 കോടി വോട്ടര്‍മാരാണുള്ളത്. 85 ഭരണപ്രദേശങ്ങളിലായി ഒരുലക്ഷം വോട്ടിങ് സ്‌റ്റേഷനുകളും ഒരുക്കിയിരുന്നു. കൂടാതെ, 145 രാജ്യങ്ങളില്‍ നിന്നു തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും റഷ്യക്കാര്‍ക്ക് അവസരമൊരുക്കി. ദീര്‍ഘദൂര ട്രെയിനുകളിലും ആശുപത്രികളിലും സൈനികത്താവളങ്ങളിലും പോളിങ് സ്‌റ്റേഷനുകള്‍ സജ്ജീകരിച്ചു. പോളിങ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി ഹെലികോപ്റ്ററുകളുടെ സേവനവും ഉപയോഗപ്പെടുത്തി. ബഹിരാകാശ സഞ്ചാരികള്‍ക്ക് വോട്ട് ചെയ്യാനായി ഇന്റര്‍നാഷനല്‍ സ്‌പേസ് സ്റ്റേഷനില്‍ വിര്‍ച്വല്‍ വോട്ടിങ് സ്‌റ്റേഷനും സജ്ജമാക്കിയിരുന്നു.
ഇന്നലെ ക്രീമിയയിലെ ജനങ്ങള്‍ ആദ്യമായി പങ്കെടുത്തു.  അതേസമയം, തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് അലക്‌സി നാവല്‍നിയെ കോടതി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വിലക്കിയിരുന്നു.  പ്രതിക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചിരിക്കുകയാണ്.
സ്ഥാനാര്‍ഥികള്‍ തമ്മില്‍ കടുത്ത മല്‍സരം നിലനില്‍ക്കുന്നില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പ്  പ്രഹനമാണെന്നും ആരോപണമുണ്ട്.   65 ശതമാനം പേര്‍ വോട്ട് ചെയ്തതായാണ് ലഭിക്കുന്ന വിവരം.

RELATED STORIES

Share it
Top