പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായതായി യുഎസ് സെനറ്റ് സമിതി

വാഷിങ്ടണ്‍: 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ നടന്നെന്ന യുഎസ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ സ്ഥിരീകരിച്ച് യുഎസ് സെനറ്റ് സമിതി. ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണങ്ങള്‍ക്ക് അനുകൂലമാവുംവിധം ഹിലരി ക്ലിന്റന്റെ പ്രചാരണങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തിലായിരുന്നു റഷ്യന്‍ ഇടപെടല്‍ എന്നായിരുന്നു കണ്ടെത്തല്‍.
റഷ്യന്‍ ഇടപെടലുകളെ കുറിച്ചുള്ള സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇടപെടലിന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുട്ടിന്റെ ഉത്തരവുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 16ന് ട്രംപും പുട്ടിനുമായുള്ള ഉച്ചകോടി ഹെല്‍സിങ്കിയില്‍ നടക്കാനിരിക്കെയാണ് കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിട്ടത്.
അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രചാരണത്തിന് റഷ്യന്‍ സഹായമുണ്ടായിരുന്നെന്ന ആരോപണങ്ങളോട് രൂക്ഷമായാണ് ട്രംപ് പ്രതികരിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടലുകളെ കുറിച്ചുള്ള ആരോപണത്തില്‍ സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടക്കുകയാണ്.

RELATED STORIES

Share it
Top