പ്രസിഡന്റ് ഇലക്ഷനും പ്രതിപക്ഷവുംഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 55 അനുസരിച്ച് രാജ്യത്തെ മുഖ്യ ഭരണാധികാരിയാണു പ്രസിഡന്റ്. അഞ്ചു കൊല്ല—ത്തേക്കാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. പാര്‍ലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന അസംബ്ലികളിലെ സാമാജികരും ഉള്‍പ്പെട്ട ഇലക്ടറല്‍ കോളജ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള പ്രാതിനിധ്യത്തില്‍ ഐക—രൂപ്യവും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തമ്മില്‍ സമതുലിതാവസ്ഥയും ഉറപ്പുവരുത്താന്‍ വേണ്ടി ഭരണഘടന വിവേകപൂര്‍വമായ ഒരു രീതി അംഗീകരിച്ചിട്ടുണ്ട്.  സംസ്ഥാന അസംബ്ലികളിലെ തിരഞ്ഞെടുക്കപ്പെട്ട ഓരോ അംഗത്തിനും അതത് അസംബ്ലികളിലെ മൊത്തം സാമാജികരും സംസ്ഥാനങ്ങളിലെ മൊത്തം ജനസംഖ്യയും തമ്മിലുള്ള അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെട്ട വോട്ടുകളുണ്ടായിരിക്കും. ആദ്യം സംസ്ഥാനത്തിലെ മൊത്തം ജനസംഖ്യയെ അസംബ്ലിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സംഖ്യകൊണ്ട് ഹരിക്കുക. ഹരിച്ചുകിട്ടുന്നതിനെ ആയിരം കൊണ്ട് വീണ്ടും ഹരിക്കുക. പകുതിയും അതില്‍ കൂടുതല്‍ വരുന്ന ഭിന്നവും പൂര്‍ണസംഖ്യയായി കണക്കാക്കി ഹരണഫലത്തോടു ചേര്‍ക്കുക. അത്രയും വോട്ടുകളായിരിക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആ സംസ്ഥാനത്തെ അസംബ്ലിയിലെ ഓരോ അംഗത്തിനും ഉണ്ടായിരിക്കുക. വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യം സ്വാഭാവികമായും ഉണ്ടാവും. ഭരണമുന്നണിയായ എന്‍ഡിഎക്ക് വ്യക്തമായ ഭൂരിപക്ഷം പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ഇല്ലാത്തതുകൊണ്ട് പ്രതിപക്ഷത്തിന് സുപ്രധാനമായ പങ്കു നിര്‍വഹിക്കാന്‍ കഴിയുന്നതാണ് ഈ തിരഞ്ഞെടുപ്പ്. നിലവിലുള്ള പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ ഔദ്യോഗിക കാലാവധി വരുന്ന ജൂലൈ 24ന് അവസാനിക്കും. പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള കൊളീജിയത്തിന്റെ മൊത്തം മൂല്യം 10,98,832 വോട്ടാണ്. 776 പാര്‍ലമെന്റ് അംഗങ്ങളും 4120 നിയമസഭാ അംഗങ്ങളുമാണ് വോട്ടര്‍മാര്‍. ഇതിന്റെ പകുതിയായ 5,49,441 മറികടക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്ര ഭരണകക്ഷിക്ക് അസാധ്യമാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സംയുക്ത പ്രതിപക്ഷത്തിന്റേതായി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധംപിടിക്കില്ല. കോണ്‍ഗ്രസ്സിതര പൊതുസ്വീകാര്യനെന്ന ആശയം പ്രതിപക്ഷ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഈ നിലപാട്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായി കോണ്‍ഗ്രസ് രംഗത്തുണ്ട്. പ്രതിപക്ഷത്തുനിന്ന് പൊതുസ്ഥാനാര്‍ഥി ഉണ്ടായാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് ഉന്നത പാര്‍ട്ടിനേതാക്കള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥിക്കെതിരേ പ്രതിപക്ഷത്തുനിന്ന് ഒരു പൊതുസ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ ലക്ഷ്യം മുന്‍നിര്‍ത്തി വിവിധ പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ തുടരുകയുമാണ്.  എന്‍ഡിഎ സഖ്യം ഒന്നിച്ചുനിന്നാല്‍ അവരുടെ സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ നേരിയ വോട്ടിന്റെ കുറവാണുള്ളത്. എന്നാല്‍, ഈ സഖ്യത്തില്‍ പൊതുധാരണ ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പ്രതിപക്ഷനിരയ്ക്കു പൊതുസമ്മതനായ ഒരാളെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ കഴിഞ്ഞാല്‍ നല്ല മല്‍സരം കാഴ്ചവയ്ക്കാന്‍ സാധിക്കും. ഇതു മുന്‍കൂട്ടിക്കണ്ട് സ്വന്തം പാര്‍ട്ടിക്കാരനു വേണ്ടി കോണ്‍ഗ്രസ് നിര്‍ബന്ധബുദ്ധി പിടിക്കരുതെന്ന കാഴ്ചപ്പാട് പാര്‍ട്ടിനേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചകളില്‍ മുന്നോട്ടുവച്ചിട്ടുമുണ്ട്.സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നവരുടെ പട്ടികയില്‍ ജനതാദള്‍ (യു) നേതാവ് ശരത് യാദവിനാണ് മുന്‍തൂക്കം. നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നിനെ നിര്‍ത്തണമെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, ശരത് യാദവ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവരുമായി നടത്തിയ പ്രാരംഭ ചര്‍ച്ചകള്‍ക്കു പിന്നാലെ സോണിയാഗാന്ധി നാഷനല്‍ കോണ്‍ഫറന്‍സ് വര്‍ക്കിങ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ലയെയും കണ്ടിരുന്നു. പ്രാദേശിക പാര്‍ട്ടികളുമായി വിശദമായി ചര്‍ച്ച ചെയ്യാന്‍ സീതാറാം യെച്ചൂരിയെ സോണിയാഗാന്ധി ചുമതലപ്പെടുത്തിയിട്ടുമുണ്ട്.ഈ മാസം 15ന് ശേഷം പ്രതിപക്ഷപ്പാര്‍ട്ടികളുടെ സംയുക്തയോഗം വിളിക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നുണ്ട്. അതിനു ബിജെപി ഇത്തവണ സീനിയര്‍ നേതാവ് അഡ്വാനിയെ പ്രസിഡന്റ്സ്ഥാനത്തേക്കു മല്‍സരിപ്പിക്കാന്‍ ഇടയില്ല. ബാബരി മസ്ജിദ് പൊളിക്കലുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ അദ്ദേഹം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത് ഒരു കാരണമാണ്. സുമിത്രാ മഹാജന്‍, സുഷമാ സ്വരാജ്, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു തുടങ്ങിയവരുടെ പേരുകളാണ് പുറത്തു കേള്‍ക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുകൊണ്ട് ഒരു പ്രസിഡന്റിനെ നിശ്ചയിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരത്തിലാണ് സ്ഥിതിഗതികള്‍ മുന്നോട്ടുപോവുന്നതെങ്കില്‍ നിലവിലുള്ള പ്രണബ് മുഖര്‍ജിയുടെ പേര് വീണ്ടും ഉയര്‍ന്നുവന്നേക്കാം. പ്രതിപക്ഷത്തുള്ള ബഹുഭൂരിപക്ഷം പാര്‍ട്ടികളും അദ്ദേഹത്തെ പിന്താങ്ങിയേക്കും.  പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്‍ രാഷ്ട്രീയപ്രാധാന്യമുള്ള ഒന്നാണ്. ഭരണഘ—ടനയില്‍ പ്രസിഡന്റ് നോമിനലായുള്ള മുഖ്യ ഭരണാധികാരിയാണെങ്കിലും അടിയന്തരാവസ്ഥാ വേളയിലും മറ്റു രീതിയിലുള്ള ഭരണഘടനാ പ്രതിസന്ധികള്‍ ഉണ്ടാവുന്ന ഘട്ടങ്ങളിലുമെല്ലാം ആ സ്ഥാനം സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. നാളിതുവരെ അധികാരത്തിലിരുന്ന പ്രസിഡന്റുമാരാകെ അവരുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ പൂര്‍ണമായും വിനിയോഗിച്ചിട്ടില്ലെന്നതാണ് വസ്തുത. ആദ്യത്തെ പ്രസിഡന്റ് രാജേന്ദ്രപ്രസാദിന്റെ കാലം മുതല്‍ അതൊരു കീഴ്‌വഴക്കമായി തുടരുകയാണ്. ഇതിന് അപവാദങ്ങള്‍ ഇനി ഉണ്ടായിക്കൂടെന്നില്ല. ഇക്കാര്യങ്ങളാകെ വിലയിരുത്തുമ്പോള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വന്‍ പ്രാധാന്യമാണുള്ളത്. പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായുള്ള റിഹേഴ്‌സലായും ഇതിനെ ഉപയോഗിക്കുക സ്വാഭാവികമാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് പ്രഹരമേല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ 2019ല്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതുമാണ്.

RELATED STORIES

Share it
Top