പ്രശ്‌നങ്ങള്‍ക്കു കാരണം ദീപക് മിശ്ര: മുന്‍ ചീഫ് ജസ്റ്റിസ്‌

ന്യൂഡല്‍ഹി: പരമോന്നത നീതിപീഠത്തിലെ ഇപ്പോഴത്തെ അവസ്ഥ അതീവ ഗുരുതരമാണെന്നു സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം വെല്ലുവിളി നേരിടുകയാണെന്നും ഇതിനു കാരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണെന്നും ലോധ പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ഷൂരിയുടെ പുതിയ പുസ്തകമായ “അനിത ഗെറ്റ്‌സ് ബെയ്‌ലി’ന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ രണ്ടു തവണ സുപ്രിംകോടതി ഊന്നിപ്പറയുകയും വീണ്ടും ശരിവയ്ക്കുകയും ചെയ്ത കാര്യമാണ്, ചീഫ് ജസ്റ്റിസ് കോടതിയിലെ യജമാനനാണെന്നത്. എന്നാല്‍ അദ്ദേഹത്തിന് ഇഷ്ടമുള്ളതു ചെയ്യാന്‍ അദ്ദേഹത്തെ അധികാരപ്പെടുത്തുന്നുണ്ടോ ഇത്.
അനിയന്ത്രിതമായി അദ്ദേഹത്തിനു ശക്തി പ്രയോഗിക്കാന്‍ കഴിയുമോ എന്നും ലോധ ചോദിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം മാറ്റംവരുത്താന്‍ പറ്റാത്തതാണ്. സുപ്രിംകോടതിയിലെ നേതാവായ ചീഫ് ജസ്റ്റിസ് സഹ ജഡ്ജിമാരെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോവണം. അദ്ദേഹത്തിന്റെ നയതന്ത്ര കഴിവു കാണിക്കണം. താന്‍ ചീഫ് ജസ്റ്റിസ് സ്ഥാനം കൈയാളിയിരുന്ന സമയത്ത്, സുപ്രിംകോടതി ഒരു ചെറിയ ഇന്ത്യയാണെന്നു താന്‍ സ്ഥിരമായി പരാമര്‍ശിക്കാറുണ്ടായിരുന്നു.
കോടതിയിലെ ജഡ്ജിമാര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ സാംസ്‌കാരിക പശ്ചാതലങ്ങളില്‍ നിന്നും വരുന്നവരാണ്. പക്ഷേ, എല്ലാവരും ഒന്നിച്ചിരിക്കുന്നു. ഭരണഘടനാപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ജനാധിപത്യത്തിന്റെ അഭിവൃദ്ധിക്കും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അനിവാര്യമാണ്. ഇതു സുപ്രിംകോടതിയില്‍ നിന്നു പ്രവഹിക്കണം. ഇപ്പോള്‍ സുപ്രിംകോടതിയില്‍ സംഭവിക്കുന്നതു ഹൈക്കോടതികള്‍ കീഴ്‌വഴക്കമായി സ്വീകരിച്ചാല്‍ രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനം താറുമാറാവുന്ന ദിവസം വിദൂരമല്ലെന്നും ജസ്റ്റിസ് ലോധ കൂട്ടിച്ചേര്‍ത്തു.
വ്യക്തിവിരോധങ്ങള്‍ക്കു സുപ്രിംകോടതിയില്‍ സ്ഥാനമില്ല. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാം. പക്ഷേ, നിങ്ങള്‍ക്ക് ഒരാളെ നിസ്സാരനാക്കാനോ കുറ്റംപറയാനോ ആവില്ല. ഇപ്പോള്‍ നാം കാണുന്ന ഈ ഘട്ടം ഏറെ വിനാശകരമാണ്. കൊളീജിയത്തിന്റെ കൂട്ടുത്തരവാദിത്തം പുനസ്ഥാപിക്കേണ്ട നിര്‍ണായക സമയമാണിത്. ജഡ്ജിമാരുടെ അഭിപ്രായ വ്യത്യാസങ്ങളും വീക്ഷണഗതികളും നിലനിര്‍ത്തി ഒന്നിച്ചുനിന്ന് കോടതിയെ മുന്നോട്ടു കൊണ്ടുപോവുകയും ജൂഡീഷ്യറിയുടെ സ്വതന്ത്ര്യം നിലനിര്‍ത്തുകയും വേണമെന്നു മുന്‍ ചീഫ് ജസ്റ്റിസ് അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top