പ്രശ്‌നം സ്വയംനിര്‍ണയാവകാശം

യുഎന്‍ റിപോര്‍ട്ടും പ്രതികരണവും-2.  കവിത  കൃഷ്ണന്‍
യുഎന്‍ റിപോര്‍ട്ട്, കശ്മീരി ജനതയുടെ രോഷവും പ്രതിഷേധവും ഭീകരതയില്‍ നിന്നു വേറിട്ടുകാണാനാവില്ലെന്നും അവ പാകിസ്താന്റെ പ്രകോപനഫലമാണെന്നുമുള്ള ഇന്ത്യാ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നില്ല. തീര്‍ച്ചയായും വിശ്വാസയോഗ്യമായ ഏതൊരു വസ്തുതാന്വേഷണ റിപോര്‍ട്ടും അതു സമ്മതിക്കാറില്ല. പാകിസ്താനില്‍ നിന്നു കിട്ടുന്ന 500 രൂപാ നോട്ടുകള്‍ക്കു വേണ്ടിയാണ് പോലിസ്, അര്‍ധസൈനിക വാഹനങ്ങള്‍ക്കു നേരെ (മരണവും അന്ധതയും വകവയ്ക്കാതെ) കശ്മീരി യുവാക്കള്‍ കല്ലെറിയുന്നതെന്നും നോട്ട് നിരോധനം കല്ലേറിന് അറുതിവരുത്തിയെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദമാണ് യഥാര്‍ഥത്തില്‍ ഭോഷത്തം നിറഞ്ഞത്.
വധിക്കപ്പെട്ട ശുജാഅത് ബുഖാരി ഇന്ത്യന്‍ സായുധസേനയുടെ സിവിലിയന്‍ കൊലകളുടെ മാത്രമല്ല, മിക്കവാറും ഇന്ത്യന്‍ മീഡിയ ഒന്നാകെ പ്രകീര്‍ത്തിച്ച സായുധരുമായുള്ള അസംഖ്യം ഏറ്റുമുട്ടലുകളുടെയും കടുത്ത വിമര്‍ശകനായിരുന്നു. 'മേഖലയില്‍ ജനങ്ങള്‍ക്കിടയില്‍ കാണുന്ന നിരാശയും വിഷാദവും വെറും പാകിസ്താന്‍ നിര്‍മിതമെന്നു പറഞ്ഞ് തള്ളിക്കളയുന്ന' ഇന്ത്യയുടെ നയത്തെ ബുഖാരി കുറ്റപ്പെടുത്തി: ''സായുധരുടെ വധത്തിന് വലിയ വിലയാണ് നല്‍കേണ്ടിവന്നത്. സൈന്യങ്ങള്‍ക്കു സായുധരെ വധിക്കാം; പക്ഷേ, പ്രക്ഷോഭത്തിനു പിന്നിലെ ആശയങ്ങളെ കൊല്ലാനാവില്ല. കഴിഞ്ഞ 27 വര്‍ഷം അത് ആവര്‍ത്തിച്ചുകാണിച്ചിട്ടുണ്ട്.''
യുഎന്‍ റിപോര്‍ട്ടിലെന്നപോലെ ബുഖാരിയുടെ ലേഖനത്തില്‍ ഭീകരവാദം, ഭീകരവാദി എന്നീ പദങ്ങള്‍ തിരഞ്ഞാല്‍ കാണില്ല. കശ്മീരിലെ പോരാട്ടത്തിനുള്ള വന്‍ സിവിലിയന്‍ പിന്തുണ മുഖ്യമായും അതൊരു രാഷ്ട്രീയപ്രശ്‌നം ആയതുകൊണ്ടാണെന്ന് ബുഖാരി രേഖപ്പെടുത്തി. താരതമ്യേന നിഷ്പക്ഷമായ സായുധ സംഘര്‍ഷം എന്ന പദമാണ് ബുഖാരിയും യുഎന്നും ഉപയോഗിക്കുന്നത്. ഇരുവരും സിവിലിയന്‍മാര്‍ക്കോ നിരായുധര്‍ക്കോ എതിരായ അക്രമങ്ങളെ കുറ്റവിമുക്തമാക്കുകയോ ഒഴികഴിവ് നല്‍കുകയോ ചെയ്യുന്നില്ല. ബുഖാരി തിരഞ്ഞെടുത്ത വാക്കുകള്‍ അദ്ദേഹത്തെ 'വിവേകമതിയും ഉചിതജ്ഞനു'മാക്കുകയും അതേസമയം യുഎന്‍ റിപോര്‍ട്ടിലെ പദപ്രയോഗങ്ങള്‍ അതിനെ പക്ഷപാതപരവും 'ഭാവനാത്മക'വുമാക്കുന്നത് എങ്ങനെയാണ്?
പ്രശ്‌നത്തിന്റെ കാതല്‍ വേറെയാണ്. യുഎന്‍ റിപോര്‍ട്ടിന്റെ ഒരു ഭാഗം സത്യത്തില്‍ അതിന്റെ വിമര്‍ശകരെ അലോസരപ്പെടുത്തുന്നതാണ്. മനുഷ്യാവകാശങ്ങള്‍ ഫലപ്രദമായി പാലിക്കപ്പെടുകയും ഉറപ്പാക്കുകയും ചെയ്യുന്നതിനും ആ അവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അത്യന്താപേക്ഷിതമായത് സ്വയംനിര്‍ണയാവകാശത്തിന്റെ സാക്ഷാല്‍ക്കാരം തന്നെയാണെന്ന തത്ത്വം റിപോര്‍ട്ട് ആവര്‍ത്തിച്ചുറപ്പിക്കുന്നു. തുടര്‍ന്ന് അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷിതമായ കശ്മീര്‍ ജനതയുടെ സ്വയംനിര്‍ണയാവകാശം സമ്പൂര്‍ണമായി ആദരിക്കാന്‍ ഇന്ത്യയോടും പാകിസ്താനോടും അത് ആവശ്യപ്പെടുന്നു. ശേഖര്‍ ഗുപ്തയുടെ അഭിപ്രായത്തില്‍, ഈ ശുപാര്‍ശ തന്നെ ഇന്ത്യക്ക് ഈ റിപോര്‍ട്ടിനെ അവഗണിക്കാനോ അല്ലെങ്കില്‍ അതിനെ ചൊല്ലി യുദ്ധം പ്രഖ്യാപിക്കാനോ മാത്രം ഗുരുതരമായ  പ്രകോപനമാണെന്നാണ്. എന്നാല്‍ ആരോടാണ് യുദ്ധം? അതു വ്യക്തമല്ല. കാരണം, സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടി ഉയര്‍ന്നുവരാന്‍ ഇടയുള്ളതിനാല്‍ കശ്മീര്‍ ജനതയ്ക്കു സ്വയംനിര്‍ണയാവകാശമെന്ന തത്ത്വം സ്വീകരിക്കുന്നതിന് പാകിസ്താനും ഇഷ്ടപ്പെടില്ലെന്ന് ഗുപ്ത തന്നെ അംഗീകരിക്കുന്നു.
പൗര, രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചും സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക അവകാശങ്ങളെക്കുറിച്ചുമുള്ള യുഎന്‍ ഉടമ്പടിരേഖ ഖണ്ഡിക ഒന്ന് വ്യക്തമാക്കുന്നു: ''എല്ലാ ജനങ്ങള്‍ക്കും സ്വയംനിര്‍ണയാവകാശമുണ്ട്. ആ അവകാശം അടിസ്ഥാനമാക്കി, അവര്‍ സ്വതന്ത്രമായി സ്വന്തം രാഷ്ട്രീയപദവി സ്വീകരിക്കുകയും തങ്ങളുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക വികസനത്തിന് സ്വതന്ത്രമായ വഴി തേടുകയും ചെയ്യും.''
ഈ ഉടമ്പടികളില്‍ ഇന്ത്യയും ഒപ്പുവച്ചതാണ്. എന്നാല്‍, കശ്മീരിനെക്കുറിച്ച സ്വന്തം നിലപാടിലൂടെ, ഈ ഉടമ്പടിരേഖകള്‍ കൊളോണിയല്‍ ഭരണത്തിന് കീഴിലുള്ള ജനസമൂഹങ്ങള്‍ക്കു മാത്രമേ പ്രസക്തമാവുകയുള്ളൂ എന്ന വ്യാഖ്യാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ.
ഈ കര്‍ക്കശ വ്യാഖ്യാനത്തില്‍ തന്നെ ഇന്ത്യ ഉറച്ചുനില്‍ക്കുന്നില്ല എന്നതു മാത്രമാണ് പ്രശ്‌നം. പാകിസ്താന്‍ എന്ന പരമാധികാര രാഷ്ട്രവുമായി ബംഗ്ലാദേശ് വിമോചനപ്പോരാട്ടം നടത്തുമ്പോള്‍ സ്വന്തം ധാര്‍മിക, സൈനിക പിന്തുണ നല്‍കുന്നതില്‍ ഇന്ത്യക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അതിലൂടെ തീര്‍ച്ചയായും സ്വയംനിര്‍ണയത്തിനുള്ള ബംഗ്ലാദേശി ജനതയുടെ അവകാശമാണ് ഇന്ത്യ പിന്തുണച്ചത്.
നാഗാ ജനതയുടെ സ്വയംനിര്‍ണയത്തിനുള്ള പോരാട്ടത്തോടുള്ള ഇന്ത്യയുടെ സമീപനവും കശ്മീരിലെ പോരാട്ടത്തിന് നേരെയുള്ള നിലപാടില്‍ നിന്നു വ്യതിരിക്തമാണ്. ഉദാഹരണമായി, നാഗാ നേതൃത്വത്തെ, സ്വയംനിര്‍ണയാവകാശമെന്ന ആശയം പോലും നിരാകരിക്കുന്നത് വരെ ചര്‍ച്ചകളോ സംഭാഷണങ്ങളോ ഒരു വിധത്തിലും സാധ്യമാവാത്ത ഭീകരവാദികളെന്ന് നാമകരണം ചെയ്യുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് ശഠിക്കുന്നില്ല.
കശ്മീരില്‍ ഇന്ത്യന്‍ സായുധസേനയുടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച മതിയായ രേഖകളോടൊപ്പമുള്ള റിപോര്‍ട്ടിലെ ഭാഗം നേരിടാന്‍ പോലും ഇന്ത്യാ ഗവണ്‍മെന്റും നിരവധി ഇന്ത്യന്‍ നിരീക്ഷകരും സന്നദ്ധമാവാത്തത് എന്തുകൊണ്ടാണ്? ഇത്തരം അവകാശലംഘനങ്ങള്‍ നേരിടുന്നതിനും തിരുത്തുന്നതിനും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയും മറ്റു സ്ഥാപനങ്ങളും ശക്തമാണെന്നും അതിന് യുഎന്നിന്റെ പരിശോധനയും സമ്മര്‍ദവും ആവശ്യമില്ലെന്നുമാണ് വാദം. പക്ഷേ, കൊലപാതകവും ബലാല്‍സംഗവും വരെ ആരോപിക്കപ്പെടുന്ന സൈനികര്‍ക്ക് വിചാരണയില്‍ നിന്നും കോടതി നടപടികളില്‍ നിന്നും സംരക്ഷണം നല്‍കുന്ന അഫ്‌സ്പ പോലുള്ള നിയമം ഇന്ത്യയിലുണ്ട് എന്നതുതന്നെയാണ് തീര്‍ച്ചയായും പ്രശ്‌നം. അഫ്‌സ്പ അടിയന്തരമായി പിന്‍വലിക്കണമെന്ന യുഎന്‍ റിപോര്‍ട്ടിലെ ശുപാര്‍ശ പരിഗണിക്കാന്‍ പോലും ഇന്ത്യ സന്നദ്ധമല്ല എന്നതു പ്രസക്തമാണ്.
2017ല്‍ യുഎന്‍ മനുഷ്യാവകാശ സമിതി ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് സാര്‍വദേശീയ ആനുകാലിക അവലോകനം സംഘടിപ്പിച്ചപ്പോള്‍ അഫ്‌സ്പ പിന്‍വലിക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് ഇന്ത്യയില്‍ ഊര്‍ജസ്വലമായ രാഷ്ട്രീയ സംവാദം തുടരുന്നതായി കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. ഇന്ത്യയുടെ തനതായ കരുത്തുറ്റ ജനാധിപത്യവും ആശയപ്രകാശന സ്വാതന്ത്ര്യവും നിലവിലിരിക്കെ, രാജ്യാന്തര പരിശോധനയും സമ്മര്‍ദവും അനാവശ്യമാണെന്ന് വാദിക്കുന്നതിനാണ് രാജ്യാന്തരവേദികളില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ 'ഊര്‍ജസ്വലമായ രാഷ്ട്രീയ സംവാദം' ഉദ്ധരിക്കുന്നത്. എന്നാല്‍, ഊര്‍ജസ്വലമായ രാഷ്ട്രീയ സംവാദത്തില്‍ ഏര്‍പ്പെടുന്ന നമ്മെപ്പോലുള്ളവര്‍ നിത്യേന സര്‍ക്കാര്‍ പ്രതിനിധികളുടെയും ഭരണകക്ഷികളുടെയും സ്വാധീനശേഷിയുള്ള ചാനല്‍ ആങ്കര്‍മാരുടെയും അധിക്ഷേപത്തിനും ഭീഷണിക്കും ഇരയാവുന്നു.
സ്വയംനിര്‍ണയാവകാശമെന്ന രാഷ്ട്രീയപ്രശ്‌നം സ്പര്‍ശിക്കാതെ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്ത്യന്‍ വേദികളില്‍ ഉന്നയിക്കാന്‍ ഉപദേശിക്കുന്നവര്‍ വലിയ മിടുക്കന്‍മാരാവുകയാണ്.
കഴിഞ്ഞ നാലു വര്‍ഷമായി കശ്മീരില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായി. താഴ്‌വരയിലും പുറത്തും കശ്മീരി ജനതയ്‌ക്കെതിരായ പീഡനവും അവഹേളനവും അവകാശലംഘനവും അക്രമനടപടികളും ഇന്ത്യയിലെ പൊതു, രാഷ്ട്രീയ സംവാദങ്ങളില്‍ ലജ്ജയില്ലാതെ ആഘോഷിക്കുന്നു. അങ്ങേയറ്റം പ്രകടമായ മനുഷ്യാവകാശ ലംഘനങ്ങള്‍ പോലും വിമര്‍ശിക്കുന്നത് ദുഷ്‌കരവും അപകടകരവുമായിത്തീര്‍ന്നിരിക്കുന്നു. കൂടുതല്‍ സൂക്ഷ്മമായ അന്തര്‍ദേശീയ പരിശോധനയ്ക്കും സമ്മര്‍ദത്തിനും മാത്രമേ കശ്മീരില്‍ ഇന്ത്യന്‍ സേനയുടെ അക്രമങ്ങള്‍ക്ക് ഒരതിരുവരെയെങ്കിലും കടിഞ്ഞാണിടാന്‍ കഴിയൂ.
ഈ പശ്ചാത്തലത്തില്‍ വിചാരത്തോടും വിവേകത്തോടുമുള്ള ഒട്ടും വൈകാരികത കലരാത്ത അഭ്യര്‍ഥനയാണ് യുഎന്‍ റിപോര്‍ട്ട്. കശ്മീരില്‍ വിചാരപൂര്‍വവും വിവേകപൂര്‍വവുമായ ശബ്ദങ്ങളുടെ നഷ്ടത്തില്‍ വിലപിക്കുന്നവര്‍ ഒരിക്കലും ഈ റിപോര്‍ട്ട് തിരക്കിട്ട് തള്ളിക്കളയരുത്.
രാഷ്ട്രാന്തരീയമായി അംഗീകൃതമായ സ്വയംനിര്‍ണയാവകാശം, മനുഷ്യാവകാശങ്ങള്‍ എന്നിവ നമുക്ക് അനുഭവവേദ്യമാക്കുന്നതിന്, കശ്മീര്‍ ഭീകരത എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയപ്രശ്‌നമാണെന്ന് അംഗീകരിക്കുന്നതിന്, ആ പ്രശ്‌നം പരിഹരിക്കുന്നതിന് മുഖ്യപങ്കാളികളായി കശ്മീരി ജനതയെ അംഗീകരിക്കുന്നതിനുള്ള ക്ഷണമാണ് ഈ റിപോര്‍ട്ട്. അതിനാല്‍ ഇന്ത്യക്കാര്‍ തീര്‍ച്ചയായും യുഎന്‍ റിപോര്‍ട്ട് ആദരവോടെ വായിക്കേണ്ടതുണ്ട്. കുറഞ്ഞപക്ഷം, യുഎന്‍ റിപോര്‍ട്ട് വിവിധ ഭാഷകളില്‍ ലഭ്യമാക്കുന്നതിന് തര്‍ജമ ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെ കുറ്റവാളികളായി കാണുന്നതില്‍ നിന്നെങ്കിലും ഇന്ത്യാ ഗവണ്‍മെന്റ് വിട്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുക.                       ി

(അവസാനിച്ചു.)

(കടപ്പാട്: കാഫില)

(സിപിഐ-എംഎല്‍) ലിബറേഷന്‍ പോളിറ്റ് ബ്യൂറോ അംഗവും ആള്‍ ഇന്ത്യാ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷന്‍ സെക്രട്ടറിയുമാണ് കവിത കൃഷ്ണന്‍).

പരിഭാഷ: പി എ എം ഹാരിസ്

RELATED STORIES

Share it
Top