പ്രശ്‌നം ഒന്നിച്ചുനിന്ന് പരിഹരിക്കും: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിവില്‍പന കേസുമായി ബന്ധപ്പെട്ട് കര്‍ദിനാളിനെ തടയുമെന്ന വിരുദ്ധ വിഭാഗത്തിന്റെ മുന്നറിയിപ്പ് തള്ളി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതയിലെ സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന ഓശാന ഞായര്‍ ആചരണച്ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങില്‍ പങ്കെടുക്കാന്‍ കര്‍ദിനാള്‍ എത്തിയത് വന്‍ പോലിസ് അകമ്പടിയോടെയാണ്. കര്‍ദിനാളിനെ തടയാനെത്തുന്നവരെ നേരിടുന്നതിനായി വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ദിനാള്‍ അനുകൂലപക്ഷക്കാരും പള്ളിയിലെത്തിയിരുന്നുവെങ്കിലും വിരുദ്ധ വിഭാഗക്കാര്‍ എത്തിയില്ല. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവില്‍പനയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും പരിഹാരത്തിലെത്തിയിരിക്കുകയാണെന്ന് ഭൂമി വില്‍പനക്കേസില്‍ ആരോപണവിധേയനായ ആലഞ്ചേരി കുര്‍ബാനമധ്യേ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.
പ്രശ്‌നം പരിഹാരത്തിലേക്ക് നീങ്ങുന്നുവെന്നത് എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നതാണ്. ഇനി ഒന്നിച്ചുനിന്ന് പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂ. കഴിഞ്ഞദിവസം താനും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും ചേര്‍ന്ന് മാധ്യമങ്ങള്‍ക്കു നല്‍കിയിരിക്കുന്ന വാര്‍ത്താക്കുറിപ്പാണ് സത്യം. അതില്‍ പറഞ്ഞിരിക്കുന്നതാണ് യഥാര്‍ഥ വസ്തുത. അതില്‍ക്കവിഞ്ഞ് എവിടെനിന്നെങ്കിലും കേള്‍ക്കുന്ന വാര്‍ത്തയില്‍പ്പെട്ട് ആരും വഴിതെറ്റരുത്.  മെത്രാന്‍മാരും വൈദികരും അല്‍മായരും ഒന്നിച്ചുനിന്നുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. വരാനിരിക്കുന്നത് സമാധാനത്തിന്റെ ദിവസങ്ങളായി പരിവര്‍ത്തനം ചെയ്യണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ശുദ്ധീകരണത്തെക്കുറിച്ചാണ് ആലഞ്ചേരി പ്രസംഗത്തിലുടനീളം പരാമര്‍ശിച്ചത്. ജീവിതത്തിന്റെ എല്ലാ തലങ്ങൡലും ശുദ്ധീകരണം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സഭയിലും കൂട്ടായ്മയോടെ ശുദ്ധീകരണം നടത്തണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ഓശാന ഞായര്‍ ആചാരണകര്‍മങ്ങളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പങ്കെടുപ്പിക്കില്ലെന്നും ഇതിനെ മറികടന്ന് എത്തിയാല്‍ അദ്ദേഹത്തെ തടയുമെന്നും ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി (എഎംടി) നേതാക്കള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കര്‍ദിനാളിനെ തടയാനെത്തുന്നവരെ തങ്ങളും തടയുമെന്ന് വ്യക്തമാക്കി കര്‍ദിനാള്‍ അനുകൂലികളും രംഗത്തെത്തിയതോടെ സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് പുലര്‍ച്ചെ മുതല്‍ തന്നെ വന്‍ പോലിസ് സന്നാഹവും പള്ളിയുടെ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ കാര്യാലയത്തില്‍ നിന്നു പോലിസ് അകമ്പടിയോടെയാണ് ആലഞ്ചേരി അതിരൂപതാ ആസ്ഥാനത്തേക്ക് എത്തിയത്.

RELATED STORIES

Share it
Top