പ്രവേശന നിഷേധം: 20 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് നല്‍കണം

ന്യൂഡല്‍ഹി: യോഗ്യതയുണ്ടായിട്ടും പ്രവേശനം നിഷേധിച്ച 19 വിദ്യാര്‍ഥികള്‍ക്കു പിഴ ഇനത്തില്‍ 20 ലക്ഷം വീതം നല്‍കാന്‍ മഹാരാഷ്ട്രയിലെ മെഡിക്കല്‍ കോളജിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ആറുവര്‍ഷം മുമ്പ് 2012-2013 വിദ്യാഭ്യാസ വര്‍ഷത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് നിയമവിരുദ്ധമായി മെഡിക്കല്‍ കോളജില്‍ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകള്‍ക്ക് പ്രവേശനം നിഷേധിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രവേശന നിയന്ത്രണ സമിതിയില്‍ (പിഎന്‍എസ്) മൂന്നു മാസത്തിനകം പണം നിക്ഷേപിക്കണമെന്നാണു നിര്‍ദേശം. മെഡിക്കല്‍ കോളജുകളുടെ പ്രവേശനത്തിനു മേല്‍നോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനും രൂപീകരിച്ചതാണു സമിതി. ജല്‍ഗാവിലെ ഡോ. ഉല്ലാസ് പാട്ടീല്‍ മെഡിക്കല്‍ കോളജിനാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് പിഴയിട്ടത്. കോളജിന്റെ അംഗീകാരം റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിന്റെ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി.
മൂന്നു മാസത്തിനകം പിഴസംഖ്യ നിക്ഷേപിച്ചില്ലെങ്കിലും ഉത്തരവ് നടപ്പാക്കിയതിന്റെ റിപോര്‍ട്ട് പിഎന്‍എസ് സമര്‍ച്ചില്ലെങ്കിലും ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. യോഗ്യത കുറഞ്ഞ വിദ്യാര്‍ഥികളുടെ പ്രവേശനം തടഞ്ഞ ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ വിദ്യാര്‍ഥികളുടെ പ്രവേശനത്തിനു പിഎന്‍എസ് നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ കോളജ് ലംഘിച്ചുവെന്നും കണ്ടെത്തി. 19 വിദ്യാര്‍ഥികള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കാന്‍ ഉത്തരവിട്ട ഹൈക്കോടതി കോളജിന്റെ അംഗീകാരം റദ്ദാക്കുകയായിരുന്നു. ഇതിനെതിരേയാണു കോളജ് സുപ്രിംകോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top