പ്രവാസ ജീവിതത്തിനിടയിലും നാട്ടിലെ മണ്ണില്‍ പൊന്ന് വിളയിച്ച് തുളസീധരന്‍

ചാരുംമൂട്: പ്രവാസ ജീവിതത്തിനിടയിലും നാട്ടിലെത്തിലെത്തിയാല്‍  കൃഷിയില്‍ മാത്രം വ്യാപൃതനായി, നൂറുമേനി വിളവില്‍  മണ്ണില്‍ പൊന്നുവിളയിക്കുന്ന  കര്‍ഷകന്‍  കാര്‍ഷിക സ്‌നേഹികള്‍ക്കാകെ മാതൃകയാകുന്നു.  കറ്റാനം കണ്ണനാകുഴി പള്ളപ്പാശ്ശേരില്‍ വി  തുളസീധരനാണ് പ്രവാസ ജീവിതത്തിനിടയിലും കൃഷിയെ ജീവനുതുല്യം സ്‌നേഹിക്കുന്നത്. രണ്ടര ഏക്കറിലാണ് ഇദ്ദേഹം വിവിധങ്ങളായ കൃഷിയിറക്കിയിട്ടുള്ളത്.
വാഴ, നെല്ല്, തക്കാളി, വെണ്ട, പച്ചമുളക്, പയര്‍, പാവല്‍, കോവല്‍, ചേമ്പ്, ചേന, മരച്ചീനി, മഞ്ഞള്‍, വഴുതനം, ഇഞ്ചി തുടങ്ങിയ സമ്മിശ്ര കൃഷികളാണ് ഈ കര്‍ഷകന്റെ പുരയിടത്തില്‍ നിറഞ്ഞു കിടക്കുന്നത്. കൂടാതെ മത്സ്യകൃഷിയുമുണ്ട്ഈ പ്രവാസി കര്‍ഷകന്. ഒരു തുണ്ടു ഭൂമി പോലും പാഴാക്കാതെ ഇവയ്ക്ക് അനുയോജ്യമാംവിധം കൃഷി ചെയ്തിട്ടുണ്ടെന്നതാണ് മറ്റൊരു സവിശേഷത. തക്കാളിയ്ക്ക് മികച്ച ആദായമാണിവിടെ ലഭിച്ചത്.ഒരേക്കറിലാണ് നെല്‍കൃഷിയിറക്കി തുളസീധരന്‍ വിജയഗാഥ രചിച്ചത്. മുണ്ടകന്‍ വിത്താണ് ഇതിനായി കൃഷിയിറക്കിയത്. വാഴകൃഷിയ്ക്കിടയില്‍ കരകൃഷിയായി നെല്‍കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ തുളസീധരന്‍.വിവിധയിനം വാഴകളാണ് തുളസീധരന്റെ  തോട്ടത്തിലുള്ളത്.
പൂര്‍ണമായും ജൈവവളപ്രയോഗത്തിലൂടെയാണ്  കൃഷി നടത്തുന്നത്. ജലസേചന സൗകര്യത്തിനുവേണ്ടി  ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുണ്ട്. അച്ഛന്‍ വാസുദേവനാണ് തുളസീധരനെ കാര്‍ഷികവൃത്തിയിലേക്ക് ചുവടുവെപ്പിച്ചത്. ഖത്തറില്‍ ജോലിയുള്ള തുളസീധരന്‍ നാട്ടിലെത്തിയാല്‍ പിന്നെ കൃഷി പരിപാലനത്തിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുക. സഹായത്തിനായി അനുജന്‍ വി.പ്രകാശ് സ്ഥിരമായി ഉണ്ടാകും. നേരം വെളുക്കും മുമ്പ്  കൃഷിയിടത്തില്‍ ഇറങ്ങുന്ന  ഇവര്‍ക്ക് ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമാണ് വിശ്രമം. ഇവിടെ വിളയുന്ന കാര്‍ഷിക സാധനങ്ങള്‍ക്ക് ഏറെ മാര്‍ക്കറ്റുണ്ട്.
വീട്ടിലെത്തി ആവശ്യക്കാര്‍ വാങ്ങുന്നതു കൂടാതെ വിഎഫ്പി സി കെ വഴിയും കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കും.കാര്‍ഷിക ജോലികള്‍ ഏറെയും സ്വയം ചെയ്യുന്നതിനാല്‍ വേണ്ട ലാഭവും ലഭിക്കുന്നുണ്ട്.  കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ പിന്തുണയാണ് കൃഷി നടത്തിക്കൊണ്ടു പോകാന്‍ തുളസീധരന് ആത്മവിശ്വാസം  പകര്‍ന്നു നല്‍കുന്നത്.കൃഷി ഓഫീസര്‍ അശോകന്റെ പിന്തുണയുള്ളതിനാല്‍ ശാസ്ത്രീയമായി കൃഷിയിറക്കാന്‍ സഹായകരമായെന്നും തുളസീധരന്‍ പറയുന്നു.

RELATED STORIES

Share it
Top