പ്രവാസി സംഗീത ഭാരതി പുരസ്‌ക്കാരം ശങ്കരന്‍ നമ്പൂതിരിക്ക്

ദുബയ്: ഈ വര്‍ഷത്തെ ഏകതാ പ്രവാസി സംഗീത ഭാരതി പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞന്‍ ശങ്കരന്‍ നമ്പൂതിരിക്ക്. ഷാര്‍ജയില്‍ നടക്കുന്ന ഏകതാ നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 50001 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏഴാമത് ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായാതായി ഏകതാ ഭാരവാഹികള്‍ അറിയിച്ചു. തിരുവനന്തപുരം നവരാത്രി സംഗീതമണ്ഡപത്തിന്റെ അതേ മാതൃകയില്‍ ഇന്ത്യക്ക് പുറത്തു നടക്കുന്ന ഏക സംഗീത മഹോത്സവം ആണ് ഷാര്‍ജ ഏകതാ നവരാത്രിമണ്ഡപം സംഗീതോത്സവം. തുടര്‍ച്ചയായി ഏഴാം വര്ഷം നടക്കുന്ന സംഗീതമഹോത്സവം ഈ മാസം പത്തിന് ആരംഭിക്കും. പത്തൊന്‍പതാം തീയതി വിജയദശമി നാളില്‍ നടക്കുന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ പ്രമുഖ ആചാര്യന്മാര്‍ ആചാര്യസ്ഥാനം അലങ്കരിക്കും. വിജയദശമി എഴുത്തിനിരുത്തല്‍ ചടങ്ങിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഒന്‍പതു ദിവസങ്ങളില്‍ വൈകിട്ട് ആറു മുതല്‍ രാത്രി പത്തു വരെ സംഗീതാര്‍ച്ചന നടക്കും. ഇന്ത്യയില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി അഞ്ഞൂറോളം കലാകാരന്മാര്‍ സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സജിത്ത് കുമാര്‍, രാജീവ് കുമാര്‍, പി കെ ബാബു, വിനോദ് നമ്പ്യാര്‍, ബിനോജ് എന്നിവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top