പ്രവാസി മലയാളികളുടെ നിലവിളികള്‍

വി എം സുലൈമാന്‍ മൗലവി

പ്രവാസി മലയാളികള്‍ കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ മുഖ്യപങ്കു വഹിക്കുന്നവരാണെന്ന യാഥാര്‍ഥ്യം സര്‍ക്കാരുകള്‍ ബോധപൂര്‍വം വിസ്മരിക്കുന്നു. 2018ലെ സര്‍വേകള്‍ പ്രകാരം 21,21,887 പ്രവാസി മലയാളികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ ഗള്‍ഫ് മേഖലയിലാണ്. യുഎഇ 8,30,254, സൗദി 4,87,484, ഖത്തര്‍ 1,85,573, ഒമാന്‍ 1,82,168, കുവൈത്ത് 1,27,120, ബഹ്‌റയ്ന്‍ 81,153 (18.93 ലക്ഷം), കൂടാതെ കാനഡ 15,323, യുഎസ് 46,535, ബ്രിട്ടന്‍ 38,023, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് 30,075, സിംഗപ്പൂര്‍ 12,485- ഇങ്ങനെ പോകുന്നു കണക്കുകള്‍.
പ്രവാസി പണം എത്തുന്ന രാജ്യങ്ങളില്‍ പ്രമുഖ സ്ഥാനത്താണ് ഇന്ത്യ. 2017ല്‍ 4.5 ലക്ഷം കോടിയിലേറെ രൂപയാണ് വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് അയച്ചതെന്നാണ് ലോകബാങ്കിന്റെ റിപോര്‍ട്ട് പറയുന്നത്. പ്രവാസികളുടേതായി ഈ വര്‍ഷം മാത്രം കേരളത്തിലേക്ക് 85,092 കോടി രൂപ എത്തിയിട്ടുണ്ട്. വിദേശത്തുനിന്നു നാട്ടിലേക്ക് അയക്കുന്ന പണമാണ് മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക നിലനില്‍പിന്റെ അടിത്തറ. യൂറോപ്പ്, റഷ്യ, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ സാമ്പത്തിക വളര്‍ച്ചയാണ് പണം അയക്കല്‍ കൂടാനുള്ള കാരണമായി പറയുന്നത്. ഉയര്‍ന്ന എണ്ണവില മൂലം ഡോളര്‍ ശക്തിപ്പെട്ടു നില്‍ക്കുന്നതിനാല്‍ തിരിച്ചയക്കുന്ന പണത്തിന്റെ മൂല്യം ഡോളറില്‍ കണക്കുകൂട്ടുമ്പോഴും കൂടിയ തുകയാണ് രേഖപ്പെടുത്തുക.
പ്രവാസിക്ഷേമ പെന്‍ഷന്‍ പ്രായപരിധി മറ്റുള്ളവരെപ്പോലെ 55 വയസ്സാക്കാത്തത് എന്തുകൊണ്ടാണ്? പ്രവാസികള്‍ ദീര്‍ഘകാലത്തെ പ്രവാസജീവിതത്തിലൂടെ വിരഹദുഃഖവും ജോലിഭാരവും കുടുംബപ്രാരബ്ധങ്ങളും ജോലിയിലുള്ള ഹൈപര്‍ ടെന്‍ഷനും സ്‌പോണ്‍സര്‍മാരുടെയും മേലുദ്യോഗസ്ഥരുടെയും പീഡനങ്ങളും മാനസിക പിരിമുറുക്കവും കാരണം രോഗങ്ങള്‍ക്ക് അടിപ്പെട്ട് ജോലി മതിയാക്കിയും, സ്വദേശിവത്കരണവും നിത്വാഖാത്തിലും പെട്ട് ജോലിയില്ലാതെയും നാട്ടിലെത്തിയാല്‍ അധികകാലം ജീവിക്കാനാവാതെ മരിച്ചുപോവുകയാണ് പതിവ്. ക്ഷേമനിധിയില്‍ ചേരുന്ന പ്രവാസികള്‍ 60 വയസ്സ് വരെ പണം അടയ്ക്കണം. എല്ലാവര്‍ക്കും പെന്‍ഷന്‍ പ്രായം 55. പ്രവാസികള്‍ക്ക് 60. ചുരുക്കത്തില്‍, പ്രവാസികള്‍ എല്ലാ നിലയ്ക്കും ചൂഷണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നു.
നാടും വീടും ഉപേക്ഷിച്ച് ഗള്‍ഫ് സ്വപ്‌നവുമായി കടം വാങ്ങിയും കിടപ്പാടം പണയപ്പെടുത്തിയും വിസാ ഏജന്റുമാരെ സമീപിക്കുന്നതു മുതല്‍ പ്രവാസികള്‍ ചൂഷണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നു. ഗള്‍ഫില്‍ എത്തുന്നവരിലും അധികം പേരും ഏജന്റുമാരാല്‍ വഞ്ചിതരായി കള്ള വിസയിലും മയക്കുമരുന്നു കേസുകളിലും പെട്ട് ജയിലുകളില്‍ കഴിയേണ്ടിവരുന്നു. നിരപരാധിത്വം പോലും പലപ്പോഴും തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളം കാരാഗൃഹത്തില്‍ കഴിയുന്നവര്‍ ധാരാളമാണ്. നാട്ടിലേക്ക് അവധിക്കും മറ്റും വരുന്ന പ്രവാസികള്‍ കസ്റ്റംസുകാരുടെ പിടിച്ചുപറിക്കു വിധേയരായി ചൂഷണം ചെയ്യപ്പെടുന്നു. പ്രവാസികളുടെ ബാഗേജുകളിലെ മോഷണം പതിവാണ്. കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം, മുംബൈ, ഡല്‍ഹി, മംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളില്‍ ഇത്തരം ഒട്ടനവധി സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫിലും നാട്ടിലും പിരിവുകാരെ കൊണ്ട് ഗതിമുട്ടുന്ന പ്രവാസികള്‍ ഒരു കറവപ്പശു എന്നപോലെ ചൂഷണം ചെയ്യപ്പെടുന്നു.
നീണ്ട പ്രവാസജീവിതം സമ്മാനിക്കുന്ന രോഗങ്ങളും പേറി നാട്ടിലെത്തുമ്പോള്‍ ശേഷിക്കുന്ന ജീവിതം സ്വസ്ഥമായി തള്ളിനീക്കാന്‍ നാട്ടിലെ രാഷ്ട്രീയ-സാമൂഹിക പരിതഃസ്ഥിതിയും അനുവദിക്കുന്നില്ല. പുനലൂരിലെ പ്രവാസി സുഗതന്റെ (64) അനുഭവം അതാണ് തെളിയിക്കുന്നത്. 35 വര്‍ഷം നീണ്ട പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി അറിയുന്ന തൊഴില്‍ ചെയ്തു ജീവിക്കാന്‍ ശ്രമിച്ച സുഗതന്‍ തന്റെ പണി തീരാത്ത വര്‍ക്‌ഷോപ്പില്‍ തൂങ്ങിമരിക്കാനുണ്ടായ സാഹചര്യം പ്രവാസി സമൂഹം നടുക്കത്തോടെയാണ് കേട്ടത്. സമാനമായ ഒട്ടനവധി സംഭവങ്ങള്‍ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ ദൈനംദിനം മാറിമാറിവരുന്ന നിയമങ്ങള്‍ പ്രവാസികളെ വല്ലാതെ ബാധിക്കുന്നു. നിത്വാഖാത്തും സ്വദേശിവല്‍ക്കരണവും പ്രവാസി മലയാളികളുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. എപ്പോഴാണ് ജോലി നഷ്ടപ്പെടുകയെന്ന ആശങ്കയില്‍ കഴിയുകയാണ് എണ്ണമറ്റ പ്രവാസികള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ഷംതോറും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ബിരുദധാരികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ നല്ലൊരു ശതമാനം സ്ത്രീകളുമുണ്ട്. ചെറിയ ശമ്പളത്തിനു പോലും ജോലി ചെയ്യാന്‍ ഇന്ന് തദ്ദേശീയര്‍ ഒരുക്കമാണ്. തൊഴില്‍ പ്രതിസന്ധി നേരിടുമ്പോള്‍ സ്വദേശികളെ പരിഗണിക്കുന്നതില്‍ അറബ് സമൂഹത്തെ കുറ്റപ്പെടുത്താനാവുമോ?
മറുഭാഗത്ത് വന്‍കിട കമ്പനികള്‍ പോലും ആഗോള സാമ്പത്തിക മാന്ദ്യം കാരണം ആളുകളെ കുറച്ചുകൊണ്ടിരിക്കുന്നു. ആനുകൂല്യങ്ങളും ശമ്പളവുമൊക്കെ വെട്ടിക്കുറയ്ക്കുന്നു. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ പോലും കുടുംബങ്ങളെ നാട്ടിലേക്ക് അയക്കുന്നു. വ്യാപാരികള്‍ കച്ചവടങ്ങള്‍ നഷ്ടമായി ചെക്ക് കേസുകളിലും മറ്റു കടക്കെണിയിലും അകപ്പെട്ടു കുടുങ്ങിക്കിടക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ട് നോട്ടീസ് കിട്ടി നാട്ടില്‍ മടങ്ങിയെത്താനാകാതെ അലയുന്നവര്‍ ധാരാളമാണ്. പല കാരണങ്ങളാല്‍ വിദേശ ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ കണക്കുകള്‍ ബ്യൂറോ ഓഫ് ഇകണോമിക്‌സിന്റെ സഹകരണത്തോടെ നടത്തിയ സര്‍വേ അടുത്ത കാലത്ത് പുറത്തുവിടുകയുണ്ടായി. സൗദി 1691, കുവൈത്ത് 1161, യുഎഇ 1012, ഒമാന്‍ 82, ബഹ്‌റയ്ന്‍ 62, ജോര്‍ദാന്‍ 38, അഫ്ഗാനിസ്താന്‍ 28, ബ്രിട്ടന്‍ 426, മലേസ്യ 187, സിംഗപ്പൂര്‍ 156- ഇങ്ങനെ പോകുന്നു കണക്കുകള്‍.
വിദേശ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ മോചനത്തിന് എംബസികളോ വിദേശകാര്യ മന്ത്രാലയമോ ബന്ധപ്പെട്ട വകുപ്പുകളോ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ല എന്നതും ഖേദകരമാണ്. പ്രവാസി മലയാളികള്‍ക്കു മാത്രം രണ്ടായിരത്തിലധികം സംഘടനകള്‍ ഉണ്ടെന്നു പറയപ്പെടുന്നു. പക്ഷേ, കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവ ചുരുക്കം മാത്രമാണ്. 110 രാജ്യങ്ങളിലായി 40 ലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍, രണ്ടു ലക്ഷത്തോളം പേര്‍ മാത്രമാണ് പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളത്. ഒമ്പതു വര്‍ഷം മുമ്പ് പദ്ധതി ആരംഭിച്ചെങ്കിലും ഭൂരിഭാഗം പ്രവാസികള്‍ക്കും ഇത് അറിയില്ല.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴില്‍ കോടികള്‍ മുടക്കി വര്‍ഷംതോറും നടത്താറുള്ള പ്രവാസി ഭാരതീയ ദിവസ് എന്ന മാമാങ്കം കൊണ്ട് സാധാരണക്കാരായ പ്രവാസികള്‍ക്ക് എന്തു നേട്ടമാണുള്ളത്? മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്നു പ്രവാസിയായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ദിവസമായ ജനുവരി 9 ആണ് ഈ ആഘോഷത്തിനു തിരഞ്ഞെടുത്തിരിക്കുന്നത്. ഇനി മുതല്‍ ഒന്നിടവിട്ടുള്ള വര്‍ഷങ്ങളിലാണ് ഇതു നടത്തുകയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറയുന്നു.
2019 ജനുവരിയില്‍ വാരണാസിയിലാണ് 15ാം പ്രവാസി ഭാരതീയ ദിവസ് എന്നും ഇതിനെ കുംഭമേളയുമായി ബന്ധിപ്പിച്ചുകൊണ്ട് നടത്താനാണ് തീരുമാനമെന്നും പറയുന്നു. ജാതി-മത-വര്‍ഗ-രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസി സമൂഹത്തെ പോലും ഭിന്നിപ്പിക്കാനും, ഇന്ത്യയില്‍ നിലനില്‍ക്കുന്ന ബഹുസ്വരതയും മതേതര ജനാധിപത്യ സംവിധാനങ്ങളും തകര്‍ക്കാനുമാണ് ഇത് ഉപകരിക്കുക.
സീസണ്‍ സമയം മുതലെടുത്ത് എയര്‍ഇന്ത്യ പോലുള്ള വിമാന കമ്പനികള്‍ ടിക്കറ്റ് ചാര്‍ജ് നാലിരട്ടിയിലധികമാക്കി പ്രവാസികളെ കൊള്ളയടിക്കുന്നു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിനു മുമ്പിലുള്ള നീണ്ട ക്യൂ ദുരിതാശ്വാസ ക്യാംപുകളിലെ അഭയാര്‍ഥികളെ ഓര്‍മിപ്പിക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ ദിവസവും അതിരാവിലെ മുതല്‍ ചുട്ടുപൊള്ളുന്ന വെയിലിലും മഴയിലും ക്യൂ നില്‍ക്കുന്ന കാഴ്ച ദയനീയമാണ്. പ്രവാസികളായ ഇവര്‍ക്കു വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനോ വിഷയം കോണ്‍സുലേറ്റ് അധികാരികളെ ബോധ്യപ്പെടുത്താനോ ഗവണ്മെന്റോ ബന്ധപ്പെട്ടവരോ തയ്യാറാകുന്നുമില്ല.
ഗള്‍ഫ് മലയാളികളെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ നടത്തിവരുന്ന നീക്കങ്ങള്‍ ശ്ലാഘനീയം തന്നെ. എങ്കിലും ഇതൊക്കെ കാര്യക്ഷമവും ഫലപ്രദവുമായി നടപ്പാക്കുന്ന വിഷയത്തില്‍ വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. പ്രവാസി പെന്‍ഷന്‍ തുക കുറഞ്ഞത് 5000 രൂപയെങ്കിലുമാക്കി ഉയര്‍ത്തണം. പ്രവാസി മലയാളികളെ മുഴുവനും ക്ഷേമനിധിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ അതത് രാജ്യങ്ങളിലുള്ള എംബസി മുഖേന സാധ്യമാക്കണം. പ്രവാസി സംരംഭകരെ ഉള്‍പ്പെടുത്തി വിവിധ വാണിജ്യ-വ്യവസായ, ചെറുകിട-വന്‍കിട പദ്ധതികള്‍ ആരംഭിച്ച്, തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കാനും കഴിയണം. വിദേശ ജയിലുകളില്‍ കഴിയുന്നതും അല്ലാത്തവരുമായ പ്രവാസികള്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തുകയും മോചനത്തിനു സാധ്യമായതെല്ലാം ചെയ്യുകയും വേണം. പ്രവാസികളെ രണ്ടാംതരം പൗരന്‍മാരായി കാണുന്ന പ്രവണത അവസാനിപ്പിക്കണം. ി

(പ്രവാസി ഫോറം സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍.)

RELATED STORIES

Share it
Top