പ്രവാസി പ്രശ്‌നങ്ങളില്‍ ഇന്ത്യന്‍ എംബസി സാധ്യമായതെല്ലാം ചെയ്യും : അംബാസഡര്‍ അഹ്മദ് ജാവേദ്

ഷറഫുദ്ധീന്‍ പഴേരി

ജിസാന്‍: സൗദി തൊഴില്‍ രംഗത്തെ പുതിയ മാറ്റങ്ങള്‍ ഇന്ത്യന്‍ പ്രവാസി സമൂഹം ശരിയായ നിലയില്‍ ഉള്‍ക്കൊള്ളണമെന്നും പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്നതിന് നിയമപരമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യന്‍ എംബസി സദാ സേവന സന്നദ്ധമാണന്നും ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് പറഞ്ഞു. സ്വദേശിവല്‍ക്കരണം മൂലം ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങുമ്പോഴും അതിനെക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ സൗദിയിലേക്ക് കുടിയേറുന്നുണ്ടെന്നും ഇപ്പോഴും ഇന്ത്യക്കാര്‍ സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ സന്ദര്‍ശനാര്‍ഥം കഴിഞ്ഞ ദിവസം സൗദിയിലെ തെക്കന്‍ നഗരമായ ജിസാനിലെത്തിയ അദ്ദേഹം  ഇന്ത്യന്‍ സമുഹം നല്‍കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.സൗദിയിലെ തൊഴില്‍ നിയമങ്ങളെയും അവകാശങ്ങളെയും വിവിധ എംബസി സേവനങ്ങളെയും സംബന്ധിച്ച് പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. എല്ലാ പ്രവാസി ഇന്ത്യക്കാരും എംബസിയിലോ കോണ്‍സുലേറ്റിലോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പ്രശ്‌നപരിഹാരത്തിനായി എംബസിയുടെയും വിദേശകാര്യ വകുപ്പിന്റെയും സൗജന്യ ഹെല്‍പ്പ്‌ലൈനുകളും മദാദ് പോലുള്ള ഇലക്ട്രോണിക് പരാതി പരിഹാര സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ജിസാന്‍ ടാമറിന്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം കോണ്‍സല്‍ മോയിന്‍ അക്തര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹാരിസ് കല്ലായി അധ്യക്ഷത വഹിച്ചു. കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ സമിതി അംഗം താഹ കൊല്ലേത്ത് പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു. ജിസാനിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കളായ ഡോ.മുബാറക് സാനി, സി.കെ.മൗലവി, ഖാലിദ് പട്‌ല, നാസര്‍ പുല്ലാട്ട്, മുഹമ്മദ് ഇസ്മായില്‍ മാനു, കെ.ടി.സാദിഖ്, ഷദാബ് ആലം, അനീസ് വെള്ളരി എന്നിവര്‍ അംബാസഡറെ സ്വീകരിച്ചു. സ്വീകരണ പരിപാടിയോടനുബന്ധിച്ച് നടന്ന പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ മേഖലയിലെ പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച്  സംഘടനാ നേതാക്കളുമായി  അംബാസഡര്‍ ആശയ സംവാദം നടത്തി. ലോകകേരള സഭാംഗം ഡോ.മുബാറക്ക് സാനി, മന്‍സൂര്‍ നാലകത്ത്, സലിം ആറ്റിങ്ങല്‍, ഇസ്മായില്‍ മമ്പാട്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോണ്‍സുലേറ്റ് സാമൂഹികക്ഷേമ സമിതി അംഗങ്ങളായ വലീയ്യു റഹ്മാന്‍ സ്വാഗതവും ഷംസു പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.
വിവിധ സേവനങ്ങള്‍ക്കുള്ള പ്രതിമാസ കോണ്‍സുലാര്‍ സന്ദര്‍ശനം ജിസാനിലെ ജനത്തിരക്ക് പരിഗണിച്ച് രണ്ടു തവണയായി വര്‍ധിപ്പിക്കുകയോ പുതിയ പാസ്‌പോര്‍ട്ട് സേവനകേന്ദ്രം തുറക്കുകയോ ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് അംബാസഡര്‍ വിവിധ സംഘടനാ തേതാക്കളെ അറിയിച്ചു. യമന്‍ അതിര്‍ത്തി പട്ടണമായ സാംതയില്‍  2016 ല്‍ യെമന്‍ ഷെല്ലാക്രമണങ്ങളില്‍  മരിച്ച എറണാകുളം സ്വദേശി കെ.ടി.ഫാറൂഖ്, ആറ്റിങ്ങല്‍ സ്വദേശി വിഷ്ണു വിജയന്‍, കൊല്ലം സ്വദേശി ജെറീസ് മത്തായി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് സൗദി അധികൃതരുമായി ബന്ധപ്പെട്ട് എംബസി നടപടി സ്വീകരിക്കുമെന്ന് അംബാസഡര്‍ പറഞ്ഞു.  ജല ഭാരവാഹികളായ എം.എസ്.മോഹനന്‍, റസല്‍ കരുനാഗപ്പള്ളി, സലാം കൂട്ടയി, അനീഷ് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പ്രവാസി പ്രശ്‌നങ്ങളുന്നയിച്ച് അംബാസഡര്‍ക്ക് നിവേദനം നല്‍കി.
ജിസാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഫറസാന്‍ ദ്വീപും ഫീഫ മലനിരകളും സന്ദര്‍ശിച്ച ശേഷം അംബാസഡര്‍  ജിസാനില്‍ നിന്ന് റിയാദിലേക്ക് മടങ്ങി. പത്‌നി ശബ്‌നം ജാവേദും സന്ദര്‍ശന പരിപാടിയില്‍ ഒപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top