പ്രവാസി ചിട്ടി കൂടുതല്‍ ലളിതമാക്കും. മന്ത്രി തോമസ് ഐസക്

ദുബയ്: കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയില്‍ ചേരുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കാര്യത്തില്‍ നേരിടുന്ന പ്രയാസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് കേരള ധന മന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. ദുബയ്് ലീ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നാട്ടില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നിലവില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ട്. അതു സംബന്ധിച്ച് ഒട്ടേറെ പരാതികളും ഉയര്‍ന്നിരുന്നു. പ്രയാസങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് നേരിട്ടെത്തി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത്. അങ്ങനെ ചെയ്യുന്നത് ഉത്തമമായിരിക്കും.
ഇന്ത്യയിലെ എന്‍ആര്‍ഇ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും യുഎഇയിലെ ഏതെങ്കിലും എക്‌സ്‌ചേഞ്ച് സെന്ററുകള്‍ മുഖേനയും പ്രവാസി ചിട്ടിയിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ച 30 ശതമാനം പേര്‍ക്ക് മാത്രമേ ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) ലഭിച്ചുള്ളൂവെന്നതാണ് അതിലൊന്ന്. ചിട്ടിയില്‍ ചേരാന്‍ നോര്‍ക ഫോറം പൂരിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കിയിരുന്നത് സര്‍ക്കാറിന്റെ ഔദ്യോഗിക വേദി എന്ന നിലക്കായിരുന്നു. നോര്‍ക ഫോറത്തിലും കുറെയേറെ പൂരിപ്പിക്കണമെന്നതടക്കമുള്ള പ്രശ്‌നങ്ങളുണ്ട്. സര്‍ക്കാറിന്റെ പ്രധാന എന്‍ആര്‍ഐ വെഹിക്ള്‍ ആണെന്നതിനാല്‍ നോര്‍ക ഫോറവും കാര്യക്ഷമമായി മാറ്റം വരുത്തും.
പ്രവാസി ചിട്ടി സംബന്ധിച്ച തുടര്‍ നടപടികള്‍ക്കായി താന്‍ ഓഗസ്റ്റ് ആദ്യ വാരത്തില്‍ യുഎഇയിലെത്തുമെന്നും മിക്കവാറും അത് ആദ്യ വെള്ളിയാഴ്ചയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രവാസി ചിട്ടിയുടെ ഔപചാരിക ഉദ്ഘാടനത്തിനായി ഓഗസ്റ്റ് അവസാനമോ സെപ്തംബര്‍ ആദ്യ വാരമോ മുഖ്യമന്ത്രി യുഎഇയിലെത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതിനിടെ, കെഎസ്എഫ്ഇ ആരംഭിക്കുന്ന പ്രവാസിച്ചിട്ടി പൂര്‍ണമായും കേന്ദ്ര ചിട്ടി നിയമത്തിലെ നിബന്ധനകള്‍ക്ക് അനുസൃതമാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. ഈ ചിട്ടിയുടെ നടത്തിപ്പിന് ആവശ്യമായ എല്ലാ ഉത്തരവുകളും ഇതിനോടകം കെഎസ്എഫ്ഇ നേടിയിട്ടുണ്ടെന്നും ഒരുപക്ഷേ ഈ തയാറെടുപ്പുകളെ കുറിച്ച് പൂര്‍ണ ധാരണ ഇല്ലാത്തതിനാലാവാം മുന്‍ ധന മന്ത്രി കെ.എം മാണി ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുള്ളതെന്നും അവയില്‍ പല കാര്യങ്ങളും അദ്ദേഹം ധനമന്ത്രിയായിരുന്ന കാലത്ത് പൂര്‍ത്തീകരിച്ചവയാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top