പ്രവാസി ക്ഷേമനിധി ഭേദഗതി ബില്ല് സബ്ജക്ട് കമ്മിറ്റിക്ക്

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ ക്ഷേമഭേദഗതി ബില്ല് ചര്‍ച്ചയ്ക്കു ശേഷം നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. പ്രവാസി കേരളീയര്‍ക്ക് ക്ഷേമനിധിയില്‍ അംഗമാവാനുള്ള പ്രായപരിധി 55ല്‍ നിന്ന് 60 വയസ്സായി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ക്ഷേമഭേദഗതി ബില്ല്. പ്രായപരിധി ഉയര്‍ത്തുന്നതിലൂടെ ഏകദേശം 25,000 പ്രവാസി കേരളീയര്‍ക്കു കൂടി പുതുതായി അംഗത്വത്തിന് അര്‍ഹതയുണ്ടാവുമെന്ന് മന്ത്രി കെ സി ജോസഫ് അറിയിച്ചു.
2008ലെ പ്രവാസി കേരളീയരുടെ ക്ഷേമനിധി നിയമത്തിലാണ് ഭേദഗതി. പുതിയ അംഗങ്ങളില്‍ നിന്ന് 5,40,00,000 രൂപ അംശാദായമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസി ക്ഷേമനിധിയിലേക്കുള്ള സര്‍ക്കാരിന്റെ അംശാദായവിഹിതം 2 ശതമാനത്തില്‍ നിന്നു 10 ശതമാനമാക്കുന്നത് പരിഗണിക്കും. നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനുള്ള നിയന്ത്രണത്തില്‍ കുവൈത്തും സൗദി അറേബ്യയും ഇളവു വരുത്തി. മറ്റു 16 ഗള്‍ഫ് രാജ്യങ്ങളുമായി സമാനമായ രീതിയില്‍ കരാറിലേര്‍പ്പെടും. ഇത് യാഥാര്‍ഥ്യമാവുന്നതോടെ പത്തും പതിനഞ്ചും ലക്ഷം രൂപ കൊടുത്ത് നഴ്‌സിങ് ജോലിക്കു പോകുന്ന സ്ഥാനത്ത് ചെലവ് 20,000ഓളം രൂപയായി കുറയും- മന്ത്രി അറിയിച്ചു.
2015ലെ ഹിന്ദു പിന്തുടര്‍ച്ച (കേരള ഭേദഗതി) ബില്ലും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഭേദഗതി അനുസരിച്ച് മരിച്ച പുത്രനില്‍ നിന്നു മാതാവിനു ലഭിക്കുന്ന സ്വത്തുക്കള്‍ മരണശാസനം കൂടാതെ മാതാവ് മരിച്ചാല്‍ പുത്രന്റെ ഭാര്യക്കും മക്കള്‍ക്കും മാത്രം അവകാശപ്പെട്ടതാവുമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്.

RELATED STORIES

Share it
Top