പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് എതിരേ കേസെടുക്കും

പത്തനാപുരം(കൊല്ലം): പത്തനാപുരത്ത് പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കും. ആത്മഹത്യ ചെയ്ത സുഗതന്റെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുക. അതേസമയം സുഗതന്റെ വര്‍ക്‌ഷോപ്പിനെതിരേ സമരം നടത്തിയ പാര്‍ട്ടിക്കാര്‍ തന്നെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ പണം ആവശ്യപ്പെട്ടിരുന്നതായി സുഗതന്റെ മകന്‍ സുനില്‍ പറഞ്ഞു. ചെറിയ തുകയായിരുന്നുവെങ്കില്‍ നല്‍കാന്‍ തയ്യാറായിരുന്നു. വര്‍ക്‌ഷോപ്പ് നിര്‍മാണത്തിനായി മാത്രം നാലു ലക്ഷം രൂപ ചെലവാക്കിയിരുന്നു. ഇതേത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് പണം ആവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകരെത്തിയത്. പാര്‍ട്ടിക്കാരാണു തന്റെ പിതാവിന്റെ മരണത്തിനു കാരണമെന്ന് സുനില്‍ ആരോപിച്ചു.
ഇന്നലെ രാവിലെ മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. പോലിസ് എത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാവുമെന്ന ഉറപ്പില്‍ പ്രതിഷേധക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.
പ്രവാസിയുടെ വര്‍ക്‌ഷോപ്പ് നിര്‍മാണം നടക്കുന്ന ഭൂമി 13 വര്‍ഷം മുമ്പാണ് മണ്ണിട്ടു നികത്തിയത്. 2005ല്‍ നികത്തിയ ഭൂമിയില്‍ വര്‍ക്‌ഷോപ്പ് തുടങ്ങുന്നതിനു വേണ്ടി താല്‍ക്കാലികമായി ഷെഡ് നിര്‍മിച്ചതോടെ സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തുകയായിരുന്നു. ഒരുകാരണവശാലും നിര്‍മാണത്തിന് അനുവദിക്കില്ലെന്നും ഭൂമി വയലാണെന്നുമുള്ള നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.
അതേസമയം ഭൂമി മണ്ണിട്ടു നികത്തിയ ശേഷം ഓഡിറ്റോറിയം ഉള്‍പ്പെടെ മറ്റു പല കെട്ടിടങ്ങളും നിര്‍മിച്ചപ്പോള്‍ പാര്‍ട്ടി മൗനം പാലിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. പക്ഷേ, ഇളമ്പല്‍ സ്വദേശിയുടെ ഭൂമി പാട്ടത്തിനു വാങ്ങി വര്‍ക്‌ഷോപ്പ് നിര്‍മിക്കാനായി സുഗതന്‍ ശ്രമിച്ചതോടെ പാര്‍ട്ടി പ്രതിഷേധം തുടങ്ങിയെന്നാണ് ആരോപണം.
35 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ജീവിതം കരുപിടിപ്പിക്കുന്നതിനായി സുഗതന്‍ നടത്തിയ പരിശ്രമമായിരുന്നു വര്‍ക്‌ഷോപ്പ് നിര്‍മാണം. പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിച്ചതോടെ ലക്ഷങ്ങള്‍ നിര്‍മാണത്തിനു മുടക്കിയ സുഗതന്‍ മനോവിഷമം കാരണം ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. അനധികൃത വയല്‍ നികത്തലിനെ പാര്‍ട്ടി എതിര്‍ത്തിരുന്നു. എന്നാല്‍ അതു കാരണമാണ് സുഗതന്റെ ആത്മഹത്യയെന്ന് വിശ്വസിക്കുന്നില്ലെന്ന് സിപിഐ കുന്നിക്കോട് മണ്ഡലം സെക്രട്ടറി ജോസ് ഡാനിയേല്‍ പറഞ്ഞു.

RELATED STORIES

Share it
Top