പ്രവാസികള്‍ക്ക് ബിസിനസ് ആരംഭിക്കാന്‍ തടസ്സങ്ങള്‍ നീക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനു പ്രവാസി പങ്കാളിത്തം ലക്ഷ്യമിടുന്ന ലോക കേരള സഭ പ്രഥമ സമ്മേളനത്തിനു പ്രൗഢഗംഭീര തുടക്കം. പ്രവാസികള്‍ക്ക് കേരളത്തില്‍ വ്യവസായ-ബിസിനസ് രംഗങ്ങളിലേക്ക് കടന്നുവരുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ നടപടിയെടുക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ലൈസന്‍സുകളും അനുമതികളും ലഭിക്കുന്നതിനു സര്‍ക്കാര്‍ ഒരു ഏകജാലക സംവിധാനം ഒരുക്കുകയാണ്. ഉദ്യോഗസ്ഥര്‍ നിശ്ചിത തിയ്യതിക്കു മുമ്പ് അപേക്ഷയില്‍ തീര്‍പ്പുകല്‍പിച്ചില്ലെങ്കില്‍ അനുമതി ലഭിക്കുന്ന രീതിയിലുള്ള പരിഷ്‌കാരമാണ് നടപ്പാക്കുന്നത്. പ്രവാസികളുടെ നിക്ഷേപം ശരിയായി വിനിയോഗിക്കപ്പെടുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. പ്രവാസി മൂലധനം ഫലപ്രദമായി വിനിയോഗിക്കുന്നതിലൂടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനാവും. വന്‍ പലിശയ്ക്കുള്ള വിദേശ കടത്തേക്കാള്‍ എത്രയോ നല്ലതാണ് പ്രവാസികളുടെ നിക്ഷേപമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനുള്ള തടസ്സം നീക്കണം. കിഫ്ബിയെ പ്രവാസിനിക്ഷേപങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരള സമൂഹത്തിന്റെ പിറവിയാണ് ലോക കേരള സഭയിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തുള്ള മലയാളികളുടെ നൈപുണി കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തണം. പ്രവാസി പുനരധിവാസത്തിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം. വിദേശത്തേക്ക് പോകുന്നതിനു വിശ്വാസ്യതയുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വേണം. സ്ത്രീപ്രവാസികള്‍ക്കു നേരെയുള്ള ചൂഷണം തടയണം.
ഗള്‍ഫിന്റെ സാധ്യതകള്‍ മങ്ങിയാല്‍ പിന്നെയെന്തു ചെയ്യാമെന്ന് ആലോചിക്കണം. പ്രവാസികളുടെ സഹായത്തോടെ അക്കാദമിക് നവീകരണം സാധ്യമാക്കും. പുതുകാലത്തെ തൊഴില്‍കമ്പോളങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ പ്രാപ്തരായി പുതുതലമുറയെ വാര്‍ത്തെടുക്കണം. ഇതിനുള്ള സാധ്യതാന്വേഷണ സമ്പര്‍ക്കവേദിയായി ലോക കേരളസഭയ്ക്കു പ്രവര്‍ത്തിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ മന്ദിരത്തില്‍ നടന്ന പ്രഥമ സമ്മേളനത്തിലൂടെ ലോകമൊട്ടാകെയുള്ള പ്രവാസികളുടെ പൊതുവേദിയായി ലോക കേരള സഭ നിലവില്‍വന്നു. സഭാ സെക്രട്ടറി ജനറല്‍ പോള്‍ ആന്റണി സഭാ രൂപീകരണ പ്രഖ്യാപനം നടത്തി. തുടര്‍ന്ന് അദ്ദേഹം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍, ഉപനേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ പ്രസീഡിയത്തിന്റെ നേതൃത്വത്തിലേക്ക് ക്ഷണിച്ചു.
തുടര്‍ന്ന് സ്പീക്കര്‍ സഭാനടത്തിപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, എം എ യൂസുഫലി, രവി പിള്ള, സി കെ മേനോന്‍, ആസാദ് മൂപ്പന്‍, കെ പി മുഹമ്മദ്, ജോസ് കാനാട്ട്, ജയരാജ് സംസാരിച്ചു.

RELATED STORIES

Share it
Top