പ്രവാസികള്‍ക്കായി കേരള വികസന നിധി രൂപീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസം മതിയാക്കി നാട്ടിലെത്തുന്നവര്‍ക്ക് ആശ്വാസമായി കേരള വികസന നിധി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിശ്ചിത തുകയ്ക്കുള്ള ഡെപ്പോസിറ്റ് പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കാന്‍ തയ്യാറുള്ള പ്രവാസികള്‍ക്ക്, പ്രവാസം മതിയാക്കി മടങ്ങിയെത്തുമ്പോള്‍ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ നേടുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും.
ഗള്‍ഫില്‍ നിന്ന് മടങ്ങിവരുമ്പോള്‍ നാട്ടില്‍ ഒരു തൊഴില്‍ ഉറപ്പുവരുത്താനുള്ള നിക്ഷേപം എന്ന നിലയില്‍ ഈ സംരംഭം ഈ രംഗത്തെ പുതുമയുള്ള കാല്‍വയ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തുള്ള പ്രവാസി വ്യവസായ-വാണിജ്യ സംരംഭകരുമായി സജീവ ബന്ധം പുലര്‍ത്തുന്നതിനുവേണ്ടി പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപംനല്‍കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഒരോ വിദേശമേഖലയ്ക്കും പ്രത്യേക ചേംബറുകള്‍ എന്ന നിലയിലാണ് ഉദ്ദേശിക്കുന്നത്. ഇവരും കേരളത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ചേംബറുകളും തമ്മില്‍ സൗഹൃദബന്ധം വളര്‍ത്തിയെടുത്ത് ആഗോളതലത്തിലെ മലയാളികളായ വ്യവസായ-വാണിജ്യ സംരംഭക കൂട്ടുകെട്ട് ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.
എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രഫഷനല്‍ സമിതികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പ്രഫഷനലുകളുടെ സേവനം കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കും.
വിദേശത്ത് ജോലിചെയ്യുന്നവരും തിരിച്ചുവന്നവരും മറ്റു സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവരുമായ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി പ്രത്യേക വിഭാഗങ്ങള്‍ നോര്‍ക്കയിലുണ്ടാക്കും. വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മേഖലാ ഉപവകുപ്പുകളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് സംരംഭമാരംഭിക്കുന്നതിനായി പ്രത്യേക വായ്പാ സൗകര്യങ്ങള്‍ ഉണ്ടാക്കും. സംരംഭകരാവാന്‍ തയ്യാറാവുന്നവരുമായി, പ്രത്യേകിച്ച് പ്രഫഷനലുകളുമായി നാട്ടിലേക്കുള്ള മടക്കത്തിനു മുമ്പുതന്നെ ആശയവിനിമയം നടത്തുവാന്‍ ഒരു ഏജന്‍സി സ്ഥാപിക്കും. പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാവുന്നവര്‍ക്കുമെല്ലാം സംരക്ഷണം നല്‍കാന്‍ ഉതകുന്ന സ്‌കീം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top