പ്രവാസികളെ പിഴിയല്‍ മാത്രം സര്‍ക്കാര്‍ ലക്ഷ്യം: എം എം ഹസന്‍

തൃശൂര്‍: പ്രവാസികളെ മറന്നുള്ള ഭരണമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളായ ഇന്ത്യക്കാരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ഫലപ്രദമായ സംവിധാനമില്ല. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രവാസികാര്യ ക്ഷേമ വകുപ്പ് നിര്‍ത്തലാക്കി. ഇത് പ്രവാസികളോട് കാട്ടിയ കടുത്ത അനീതിയാണ്. പശുസംരക്ഷണത്തിനായി പ്രത്യേകവകുപ്പിന് രൂപം നല്‍കാന്‍ ശ്രമിക്കുന്ന ബിജെപി സര്‍ക്കാരാണ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത്. നരേന്ദ്രമോഡിയുടെ പ്രവാസി സംരക്ഷണ പ്രഖ്യാപനങ്ങള്‍ വെറും അധരവ്യായമങ്ങള്‍ മാത്രമാണ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേരള സര്‍ക്കാരും പരാജയമാണ്. പ്രവാസി ക്ഷേമത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളും പിണറായി സര്‍ക്കാര്‍ നിര്‍ത്തലാക്കി. പ്രവാസികളിലൂടെയുള്ള നിക്ഷേപസമാഹരണം മാത്രമാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലോക മലയാളി സഭയ്ക്ക് രൂപം നല്‍കിയ പിണറായി അതിന് നിയമപരമായ അധികാരം നല്‍കുമോയെന്ന് വ്യക്തമാക്കണം. അല്ലായെങ്കില്‍ ലോക മലയാളി സഭ കൊണ്ട് ഒരു പ്രയോജനവും പ്രവാസികള്‍ക്ക് ലഭിക്കുകയില്ലെന്നും ഹസന്‍ പറഞ്ഞു. പ്രവാസി ക്ഷേമകാര്യ വന്ധീകരിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വിസാ നയവും ഗള്‍ഫ് മേഖലയിലെ തൊഴില്‍ പ്രതിസന്ധിയും കാരണം നിരവധി പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങിവരാനൊരുങ്ങുന്നത്. പ്രവാസികള്‍ കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തില്‍ കൂടുതല്‍ ശ്രദ്ധയും കരുതലും ഈ മേഖലയില്‍ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, എംഎല്‍എമാരായ കെ മുരളീധരന്‍, വി ഡി സതീശന്‍,  കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ്, പാലോട് രവി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, മന്നാല്‍ അബ്ദുള്‍ ലത്തീഫ്, കരകുളം കൃഷ്ണപിള്ള, വര്‍ക്കല കഹാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സജി പോള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top