പ്രവാസികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ നടപടി : മുഖ്യമന്ത്രിതിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ മലയാളികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ നോര്‍ക റൂട്‌സ് വഴി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. അവിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴില്‍ സാധ്യതയും വേതനവും കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് നാടുകളില്‍ തൊഴില്‍ നേടാന്‍ നിര്‍ബന്ധിതരാകുന്നവരെ വ്യാജ റിക്രൂട്‌മെന്റ് ഏജന്‍സികള്‍ വഞ്ചിക്കുന്നതിനെതിരേ നോര്‍ക റൂട്‌സ് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരുന്നുണ്ട്. വിദേശത്തേക്ക് പോവുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രീ ഡിപാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നുണ്ട്.  വിദേശകാര്യ വകുപ്പ് അതത് രാജ്യത്തെ എംബസികളുമായി ബന്ധപ്പെട്ടും നടപടി സ്വീകരിക്കുന്നുണ്ട്. ഇതിനു പുറമെ, റിക്രൂട്‌മെന്റ് തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം നഴ്‌സുമാരെയും വീട്ടുജോലിക്കായി പോവുന്ന സ്ത്രീകളെയും നോര്‍ക റൂട്‌സ് മുഖേന റിക്രൂട്‌മെന്റ് നടത്തിവരുന്നു.  നിലവില്‍ ആഭ്യന്തര വകുപ്പിലെ ഹോം ഓതന്റിക്കേഷന്‍ ഓഫിസര്‍മാരാണ് അക്കാദമികേതര സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. നോര്‍ക റൂട്‌സിന്റെ എറണാകുളം, തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രങ്ങളില്‍ മാത്രമാണ് നിലവില്‍ സാക്ഷ്യപ്പെടുത്തല്‍ ഉള്ളത്. ഇതിനു മുന്നോടിയായുള്ള രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടേതല്ലാത്ത കുറ്റങ്ങളുടെ പേരില്‍ വിദേശത്ത് ജയിലില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ സഹായത്തോടെ നിയമസഹായം നല്‍കുന്നതിന് നോര്‍ക റൂട്‌സ് പ്രവാസി നിയമ സഹായപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ അഭയം ആവശ്യമായി വരുന്ന കേരളീയ സ്ത്രീകളെ എംബസികളില്‍ എത്തിക്കുന്നതിനും ഇതിനാവശ്യമായ യാത്രച്ചെലവ് വഹിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു.

RELATED STORIES

Share it
Top