പ്രവാസികളെ ആശങ്കയിലാഴ്ത്തി സ്വദേശിവല്‍ക്കരണം; ചില്ലറ വ്യാപാര മേഖലകളിലെ പരിശോധന തുടങ്ങി

റിയാദ്: ചില്ലറ വ്യാപാരരംഗത്തെ സ്വദേശിവല്‍ക്കരണ നടപടികള്‍ സൗദി ആരംഭിച്ചു. തൊഴില്‍ മന്ത്രാലയത്തിന്റെയും സാമൂഹികക്ഷേമ വകുപ്പിന്റെയും നേതൃത്വത്തില്‍ 800ഓളം ഉദ്യോഗസ്ഥരാണ് നാലു മേഖലകളിലായി പരിശോധനകള്‍ക്കായി ഇറങ്ങുക.
ആദ്യഘട്ടത്തില്‍ കാര്‍, മോട്ടോര്‍ ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്ര കടകള്‍, ഫര്‍ണിച്ചര്‍ കടകള്‍, അടുക്കള ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നീ നാലു മേഖലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണമാണ് സൗദി ലക്ഷ്യമിടുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ 20,000 റിയാല്‍ വരെ പിഴയും മറ്റു നിയമനടപടികളും നേരിടേണ്ടി വരും. നിയമം നടപ്പാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
കടയില്‍ ഒരു ജീവനക്കാരനാണ് ഉള്ളതെങ്കില്‍ അയാള്‍ സൗദിക്കാരനായിരിക്കണമെന്നാണ്. രണ്ടുപേരുണ്ടെങ്കില്‍ ഒരാളുടെ ജോലി സ്വദേശിക്ക് നല്‍കണം. നാലുപേരുണ്ടെങ്കില്‍ രണ്ടുപേര്‍ സ്വദേശികളാവണം. 10 ജീവനക്കാരുണ്ടെങ്കില്‍ ഏഴുപേര്‍ സൗദിക്കാരായിരിക്കണം. 30 പേരാണെങ്കില്‍ 21ഉം 100 ആണെങ്കില്‍ 70ഉം സൗദി പൗരന്മാരായിരിക്കണം. ജനുവരി 19നകം 12 മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് തീരുമാനം.
നവംബര്‍ മുതല്‍ വാച്ച്, കണ്ണട, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയുടെ വില്‍പനയും സേവനവും മെഡിക്കല്‍ ഉപകരണങ്ങള്‍, ബേക്കറികള്‍, വാഹന സ്‌പെയര്‍ പാര്‍ട്‌സുകള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പറ്റ് തുടങ്ങിയ കച്ചവടങ്ങളും നിയമത്തിനു വഴിമാറും.
സൗദിയില്‍ പ്രവാസികളുടേതടക്കം കടകള്‍ ഈ മാസം ആദ്യം മുതല്‍ അടഞ്ഞുകിടക്കുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികള്‍ക്കാണ് സ്വദേശിവല്‍ക്കരണത്തിലൂടെ സൗദിയില്‍ തൊഴില്‍ നഷ്ടപ്പെടുക.

RELATED STORIES

Share it
Top