പ്രവാസികളുടെ മൃതദേഹത്തിനു വിലപേശുന്ന എയര്‍ ഇന്ത്യ നിലപാട് പ്രതിഷേധാര്‍ഹം

കോട്ടയം: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു എയര്‍ ഇന്ത്യ ഈടാക്കിയിരുന്ന ചാര്‍ജ് ഇരട്ടിയാക്കിയ നടപടി പ്രതിഷേധാര്‍ഹമെന്നു പ്രവാസി ഫോറം കേരള സംസ്ഥാന പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി.
ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി സ്വന്തം നാട്ടിലേക്കു കൊണ്ടുപോവുകയും എയര്‍ അറേബ്യ പോലെയുള്ള വിമാനങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുകയും ചെയ്യുന്നു. അതേസമയം മൃതദേഹം തൂക്കത്തിനനുസരിച്ച് നിശ്ചിത സംഖ്യ ഈടാക്കി പ്രവാസികളുടെ മൃതദേഹത്തെ പോലും അപമാനിക്കുകയും അനാദരവു കാണിക്കുകയും ചെയ്യുന്ന എയര്‍ ഇന്ത്യയുടെ പ്രവൃത്തി രാജ്യത്തിന് അപമാനമാണ്. പ്രവാസികള്‍ രാജ്യത്തിന്റെ യഥാര്‍ഥ പൗരന്മാരും രാജ്യത്തെ സാമ്പത്തിക സ്രോതസ്സുകളുടെ പ്രധാന ഘടകവുമാണെന്ന കാര്യം വിസ്മരിച്ചു കൊണ്ടുള്ള ഇത്തരം അവഗണനയും ചൂഷണവും കൊള്ളയും കഴിഞ്ഞ കുറേ കാലങ്ങളായി എയര്‍ ഇന്ത്യ ആവര്‍ത്തിച്ചുവരുന്നു.
ഈ വര്‍ഷം മാത്രം സംസ്ഥാനത്തേക്കു പ്രവാസികളുടേതായി 85,092 കോടി രൂപ വന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ വിഷയത്തില്‍ ഇടപെട്ട് പ്രവാസികളായ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ക്ക് ചുമത്തികൊണ്ടിരിക്കുന്ന ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കി മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനു നടപടി കൈക്കൊള്ളണണം. അല്ലാത്തപക്ഷം എയര്‍ ഇന്ത്യ പൂര്‍ണമായി ബഹിഷ്‌കരിക്കുകയും എയര്‍ ഇന്ത്യ ആസ്ഥാനങ്ങള്‍ ഉപരോധിക്കുന്നതടക്കമുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോവുമെന്നും വി എം സുലൈമാന്‍ മൗലവി, അബ്ദുല്‍ സലാം പറക്കാടന്‍, സലാം പനവൂര്‍, ഇബ്രാഹീം മൗലവി അറിയിച്ചു.

RELATED STORIES

Share it
Top