പ്രവാസികളുടെ മടങ്ങി വരവിന്റെ തോത് ഉയരുമെന്ന വിലയിരുത്തലില്‍ സംഗമം

കൊല്ലം: മാറിവരുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളുടെ ഫലമായി പ്രവാസി മലയാളികളുടെ മടങ്ങിവരവിന്റെ തോത് ഗണ്യമായി ഉയരുമെന്ന വിലയിരുത്തലുമായി ആഗോള കേരളീയ മാധ്യമ സംഗമം. സ്വദേശിവല്‍കരണം, സാമ്പത്തിക മാന്ദ്യം, രാഷ്ട്രീയ അസന്തുലിതാവസ്ഥ തുടങ്ങിയ ഗൗരവമേറിയ ഘടകങ്ങള്‍ മടങ്ങി വരവിന്റെ ആക്കം കൂട്ടുന്നു. ഈ സാഹചര്യത്തില്‍ പ്രവാസി മലയാളികളുടെ പുനരധിവാസത്തിന് പുതിയ വഴികള്‍ തേടാന്‍ കേരളം സജ്ജമാകണമെന്ന അഭിപ്രായമാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നത്. മാധ്യമപ്രവര്‍ത്തകരുടെ പരസ്പര ആശയ വിനിമയത്തിനുള്ള വേദി ഒരുക്കിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ മാതൃകാപരമെന്ന് സംഗമം വിലയിരുത്തി. പ്രവാസികള്‍ കേരളത്തിന് നല്‍കിയ സംഭാവനകള്‍ പഠന വിധേയമാക്കണമെന്ന് മോഡറേറ്റര്‍ സി ഗൗരിദാസന്‍ നായര്‍ അഭിപ്രായപ്പെട്ടു. മടങ്ങി വരുന്ന പ്രവാസികളെ മുഴുവന്‍ ഉള്‍ക്കൊള്ളാനും പുനരധിവസിപ്പിക്കാനും നമ്മുടെ സംസ്ഥാനത്തിന് കഴിയുമെന്നും അതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും ആര്‍ ശ്രീകണ്ഠന്‍ നായര്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തീക്ഷ്ണമാണന്നും പരിഹാര മാര്‍ഗങ്ങള്‍ തേടണമെന്നും ഡോ.ഡി ബാബു പോള്‍ പറഞ്ഞു. വാര്‍ത്തകളുടെ ആഖ്യാനത്തില്‍ വ്യാഖ്യാനം കലര്‍ത്തുന്ന ശൈലി മാധ്യമ പ്രവര്‍ത്തകര്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.മാധ്യമങ്ങള്‍ വാര്‍ത്താവിശകലനങ്ങളിലെ നിഷേധാത്മക സമീപനം ഒഴിവാക്കണമെന്ന് ഡോ.എം വി പിള്ള പറഞ്ഞു. ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും മാറി ശുഭകരമായ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാധ്യമ ആശയവിനിമയത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ തുടര്‍ പ്രവര്‍ത്തനം അനിവാര്യമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് പറഞ്ഞു. ലോക കേരള സഭയിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് വിദേശത്തുള്ള മലയാളി മാധ്യമ പ്രവര്‍ത്തകരുടെ അഭിപ്രായം തേടുന്നത് അനുയോജ്യമാണെന്ന് മധു കൊട്ടാരക്കര വ്യക്തമാക്കി. വിദേശത്തെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ വിവരശേഖരണം നടത്താന്‍ മീഡിയാ അക്കാദമി ശ്രമിക്കണമെന്നാണ് ഇ എം അഷ്‌റഫ് ആവശ്യപ്പെട്ടത്. നാട്ടിലെ ടൂറിസം വികസനത്തിന് ആക്കം കൂട്ടാന്‍ പ്രവാസി മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും ബേബി മാത്യു സോമതീരം പറഞ്ഞു.ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധി സ്ഥായിയായി നിലനില്‍ക്കുമെന്ന് കരുതാനാകില്ലെന്ന് ആസൂത്രണ ബോര്‍ഡംഗം ഡോ. കെ എന്‍ ഹരിലാല്‍ വ്യക്തമാക്കി. മലയാളികളുടെ പ്രത്യേകത എന്ന നിലയില്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള മാനവ വിഭവശേഷിക്ക് സാധ്യതകള്‍ ഏറെയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകകേരള സഭയുടെ പ്രചോദനം ഉള്‍ക്കൊണ്ട് ലോക കേരള മാധ്യമസഭയുടെ രൂപീകരണമടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ സാധ്യമാക്കുമെന്ന് മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അറിയിച്ചു. കൂട്ടായ്മയുടെ പ്രാധാന്യവും വാര്‍ത്ത നല്‍കുന്നതിലെ നീതിപൂര്‍വ്വക സമീപനത്തിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്താണ് മാധ്യമ സംഗമത്തിന് അര്‍ത്ഥപൂര്‍ണ സമാപനമായത്.

RELATED STORIES

Share it
Top