പ്രവാചകന്റെ അധ്യാപനങ്ങള്‍ ലോകത്തിന് മാതൃക: അബ്ദുല്‍ അസീസ് മൗലവി

ശാസ്താംകോട്ട: അസമാധാനത്തിലും അശാന്തിയിലും നട്ടം തിരിയുന്ന നവലോകത്തിന് പ്രവാചകന്‍ മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ മാതൃകയാണെന്ന് കേരള മുസ്്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അഭിപ്രായപ്പെട്ടു. ജമാഅത്ത് ഫെഡറേഷന്‍ കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകന്‍ വിശ്വമാനവികതയുടെ മാര്‍ഗ്ഗ ദര്‍ശകമാണെന്നും ആ ജീവിതവും സന്ദേശവും സഹിഷ്ണുതയും മാനവകുലം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. മതേതര മൂല്യങ്ങള്‍ ഊട്ടി ഉറപ്പിച്ച്‌കൊണ്ട് മാനുഷിക സൗഹാര്‍ദ്ദത്തോട് കൂടി മുന്നോട്ട് പോകാന്‍ ശ്രമിക്കണമെന്ന് നബിദിന സന്ദേശം നല്‍കി കൊണ്ട് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി പറഞ്ഞു. കുറ്റിയില്‍ ശ്യാം അധ്യക്ഷത വഹിച്ചു. കെ സോമപ്രസാദ് എംപി, കാരാളി ഇ കെ സുലൈമാന്‍ ദാരിമി, പോരൂവഴി ജലീല്‍, കിണറുവിള  ബഷീര്‍, താജുദ്ദീന്‍ ബാഖവി, മുഹമ്മദ് മൗലവി ബാഖവി, മുഹമ്മദ് മൗലവി ഭരണിക്കാവ്, തോപ്പില്‍ ജമാലുദ്ദീന്‍, കുഞ്ഞുമോന്‍പുതുവിള, അലിയാര്കുട്ടി, അര്‍ത്തിയില്‍ ഷാജഹാന്‍, അര്‍ത്തിയില്‍ അന്‍സാരി, പോരുവഴി ഹുസൈന്‍ മൗലവി, ലത്തീഫ് പെരുംരുളം, കോട്ടൂര്‍ നൗഷാദ്, അര്‍ഷാദ് മന്നാനി സംസാരിച്ചു.

RELATED STORIES

Share it
Top