പ്രവാചകനിന്ദ: 'മാതൃഭൂമി' ജീവനക്കാര്‍ വര്‍ഗീയകലാപം ലക്ഷ്യമിട്ടു- അന്വേഷണ റിപോര്‍ട്ട്

പി സി  അബ്ദുല്ല
കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെ ഹീനമായി അധിക്ഷേപിച്ചു മാതൃഭൂമി ദിനപത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതിനു പിന്നില്‍ വര്‍ഗീയകലാപം ലക്ഷ്യമിട്ടുള്ള ഗൂഢാലോചന നടന്നതായി അന്വേഷണ റിപോര്‍ട്ട്. പ്രവാചകനെയും പത്‌നിമാരെയും അവഹേളിക്കുക വഴി മുസ്‌ലിംകളെ തെരുവില്‍ ഇളക്കിവിടാനും പൊതുസമാധാനം തകര്‍ക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണു നടന്നതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
2016 മാര്‍ച്ച് 8, 9 തിയ്യതികളില്‍ മാതൃഭൂമി പത്രത്തിനൊപ്പം തൃശൂരിലും കോഴിക്കോട്ടും വിതരണം ചെയ്ത നഗരം പേജുകളിലാണ് വിവാദ ലേഖനം വന്നത്. പ്രവാചകനെയും ഭാര്യമാരെയും ഏറെ മോശമായി ചിത്രീകരിച്ചുള്ള ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റാണ് മാതൃഭൂമി ലേഖനമായി പത്രത്തില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്തും പുറത്തും മാതൃഭൂമിക്കെതിരേ വന്‍ പ്രതിഷേധം അരങ്ങേറിയതിനെ തുടര്‍ന്ന് 2016 മാര്‍ച്ച് 10ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇന്റലിജന്‍സ് എഡിജിപി ഹേമചന്ദ്രന്റെ നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് മാതൃഭൂമിക്കെതിരേ കേസെടുത്തു. കോഴിക്കോട്ടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ  നേതൃത്വത്തിലുള്ള ഐഎസ്‌ഐടി (ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍െവസ്റ്റിഗേഷന്‍) ടീം ആണ് അന്വേഷണം നടത്തിയത്.
മാതൃഭൂമിയില്‍ കോഴിക്കോട്ടും തൃശൂരിലും ചുമതലയിലുണ്ടായിരുന്ന ആറുപേരും മാതൃഭൂമി ഓണ്‍ലൈന്‍ ചുമതലക്കാരനുമടക്കം ഏഴു പ്രതികള്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍.
ഐപിസി 153എ, 505 (1) സി, 505 (1)സി2, ഐപിസി 34 വകുപ്പുകള്‍ പ്രകാരം മാതൃഭൂമി ജീവനക്കാര്‍ക്കെതിരേ കേസെടുക്കാന്‍ മതിയായ തെളിവുകളുണ്ടെന്നും പ്രത്യേകാന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഒന്ന്, രണ്ട്, മൂന്ന് പ്രതികള്‍ മാതൃഭൂമിയുടെ കോഴിക്കോട് എഡിറ്റോറിയല്‍ ചുമതല നിര്‍വഹിച്ചവരും നാല്, അഞ്ച്, ആറ് പ്രതികള്‍ തൃശൂര്‍ ഡെസ്‌കിന്റെ ചുമതലയില്‍ ഉണ്ടായിരുന്നവരുമാണ്. മാതൃഭൂമി ഓണ്‍ലൈന്‍ ചുമതല ഉണ്ടായിരുന്നയാളാണ് ഏഴാം പ്രതി.
പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിച്ചു, രാജ്യത്തെ പൊതുസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു, മുസ്‌ലിംകളുടെ മതവികാരം വ്രണപ്പെടുത്തി, മുസ്‌ലിംകളെ തെരുവിലേക്ക് ഇളക്കിവിടുന്ന തരത്തില്‍ ഒന്നു മുതല്‍ ആറുവരെ പ്രതികള്‍ പരസ്പരം സഹായിച്ചും ഉല്‍സാഹിച്ചും പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞതായി റിപോര്‍ട്ടില്‍ പറയുന്നു.
വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യവും സമാധാനവും സംരക്ഷിച്ചു പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരായ പത്രപ്രവര്‍ത്തകര്‍ തന്നെ പൊതുസമാധാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതു അതീവ ഗൗരവമര്‍ഹിക്കുന്ന കുറ്റമായതിനാല്‍ മാതൃഭൂമി ജീവനക്കാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണു റിപോര്‍ട്ട് ആവശ്യപ്പെടുന്നത്.
ഒന്നര വര്‍ഷത്തോളം നീണ്ട അന്വേഷണത്തിലാണ് ഐഎസ്‌ഐടി മാതൃഭൂമിക്കെതിരേ വര്‍ഗീയ ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ കണ്ടെത്തിയത്. റിപോര്‍ട്ട് ആഭ്യന്തര സെക്രട്ടറി വഴി സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്.
അതേസമയം, പത്രങ്ങള്‍ക്കെതിരായ ഇത്തരം കേസുകളില്‍ പ്രധാന പ്രതികളാവേണ്ട പത്രാധിപരെയും പ്രസാധകരെയും കുറിച്ച് മാതൃഭൂമിക്കെതിരായ അന്വേഷണ റിപോര്‍ട്ടില്‍ പരാമര്‍ശമില്ല. എഡിറ്ററെയും പബ്ലിഷറെയും ഒഴിവാക്കി ജീവനക്കാര്‍ക്കെതിരേ മാത്രം അന്വേഷണ സംഘം റിപോര്‍ട്ട് നല്‍കിയതു ദുരൂഹമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് വര്‍ഗീയ കലാപമുണ്ടാക്കി ബിജെപിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മാതൃഭൂമിയുടെ വിവാദ ലേഖനം പ്രസിദ്ധീകരിച്ചതെന്ന ആക്ഷേപം ശക്തമായിരുന്നു. അത്തരം ആരോപണങ്ങളെ സാധൂകരിക്കുന്നതാണു പ്രത്യേകാന്വേഷണ റിപോര്‍ട്ടിന്റെ ഉള്ളടക്കം.
വിവാദ ലേഖനവുമായി ബന്ധപ്പെട്ട് ചില ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചതായി മാതൃഭൂമി അന്ന് അറിയിച്ചിരുന്നു. എന്നാല്‍, പ്രത്യേക അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ ഇപ്പോഴും പത്രത്തിന്റെ സുപ്രധാന ചുമതലകളില്‍ തുടരുകയാണ്.

RELATED STORIES

Share it
Top