പ്രവര്‍ത്തിക്കാത്ത വേദ പഠന ഗവേഷണ കേന്ദ്രത്തിന്റെ പേരിലുള്ള തട്ടിപ്പ്അന്വേഷണം ഒതുക്കുന്നതായി ആരോപണം

കെ  സനൂപ്

തൃശൂര്‍: പ്രവര്‍ത്തിക്കാത്ത വേദ പഠന ഗവേഷണ കേന്ദ്രത്തിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്ത കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലിസിലെ ചിലര്‍ ശ്രമിക്കുന്നതായി ആരോപണം. ബംഗളൂരുവിലെ മഹാജ്യോതിസ് ആസ്‌ട്രോ ആന്റ് വേദിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ലിമിറ്റഡ് കമ്പനിയുടെ എംഡി ആണെന്ന പേരില്‍ ശ്രീരാമസേന സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സുര്‍ജിത് കെ ബാലനും സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് തേജസ് ദിനപത്രമാണ് കഴിഞ്ഞ നവംബര്‍ 10ന് പുറത്തുകൊണ്ടുവന്നത്. സംഭവം വിവാദമായതോടെ സുര്‍ജിത് കെ ബാലനെ ശ്രീരാമസേന സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. ഡിസംബര്‍ 24ന് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് സിഐ കെ സി സേതുവിന്റെ നേതൃത്വത്തിലുള്ള ക്രൈംസ്‌ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത സുര്‍ജിത് കെ ബാലന്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ മൈലിപ്പാടത്ത് മള്‍ട്ടി മീഡിയ സ്ഥാപനം നടത്തുന്ന സുഭദ്ര ശൂലപാണി ജില്ലാ പോലിസ് സൂപ്രണ്ടിനും എസ്പിക്കും പരാതി നല്‍കിയിരുന്നു. നടപടികളുണ്ടാവാത്തതിനാല്‍ സുഭദ്ര മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് സുര്‍ജിത് കെ ബാലനെ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് സിഐ അറസ്റ്റ് ചെയ്തത്. എന്നാല്‍, തട്ടിപ്പു കേസിലെ മറ്റു പ്രതികളായ കൊടകര കാഞ്ഞിലിവീട്ടില്‍ സൂര്യനാരായണന്‍, മണ്ണുത്തി പനയത്ത് രേഷ്മ രവീന്ദ്രന്‍ എന്നിവരെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. സൂര്യനാരായണന്റെ പേരിലും തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലിസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാള്‍ ഇപ്പോഴും ഒളിവിലാണെന്നാണു പോലിസ് ഭാഷ്യം. തൃശൂര്‍ ഈസ്റ്റ് എസ്‌ഐ സേതുമാധവനാണ് കേസന്വേഷണം നടത്തുന്നത്. പ്രമുഖരുടെ പേര് ബ്രോഷറില്‍ വച്ചും അവരെ ചുമതലക്കാരായി അവതരിപ്പിച്ചുമാണ് വേദ പഠന ഗവേഷണ കേന്ദ്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പു നടത്തിയത്. പരേതരായ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുമടക്കം നിരവധി പേരുടെ പേരുകള്‍ ബ്രോഷറില്‍ ഉണ്ടായിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പാര്‍വതീബായി തമ്പുരാട്ടി മാത്രമാണ് ഗവേഷണകേന്ദ്രവുമായി യാതൊരു ബന്ധവുമില്ലെന്നും തന്റെ പേരില്‍ നിക്ഷേപം സ്വീകരിക്കുെന്നങ്കില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് പോലിസില്‍ പരാതി നല്‍കാന്‍ തയ്യാറായത്. മറ്റു പ്രമുഖരാരും കമ്പനിയുമായുള്ള ബന്ധം നിഷേധിച്ച് ഇതുവരെയും രംഗത്തു വരാത്തതിലും ദുരൂഹതയുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി വേദപഠന കേന്ദ്രത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ  പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സുഭദ്ര ശൂലപാണിയില്‍ നിന്നു തട്ടിയെടുത്ത രണ്ടുകോടി രൂപയ്ക്കു പകരം അഞ്ചുലക്ഷം രൂപ ഇപ്പോള്‍ നല്‍കാമെന്നും ബാക്കി ഗഡുക്കളായി നല്‍കാമെന്നും കേസ് ഒഴിവാക്കണമെന്നുമുള്ള നിര്‍ദേശം മുന്നോട്ടുവച്ചത് തൃശൂര്‍ ഈസ്റ്റ് പോലിസ് സ്‌റ്റേഷനിലെ പോലിസുകാരായിരുന്നു. അതേസമയം, സുര്‍ജിത് നല്‍കാനുള്ള ബാക്കി തുകയ്ക്ക് ജാമ്യം നില്‍ക്കാനാവില്ലെന്നും ഈസ്റ്റ് പോലിസ് പറഞ്ഞു. സുര്‍ജിത്തിന്റെ പേരിലുള്ള മൊബൈല്‍ സുഹൃത്തുക്കളെ ഏല്‍പ്പിച്ച് പോലിസിന് ആശയക്കുഴപ്പമുണ്ടാക്കി തൃശൂരില്‍ തന്നെ ഒളിവില്‍ കഴിയുകയായിരുന്നെന്നാണ് അറസ്റ്റ് ചെയ്തപ്പോള്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലിസ് അറിയിച്ചിരുന്നത്. എന്നാല്‍, സുര്‍ജിത് തൃശൂര്‍ ഈസ്റ്റ് പോലിസ് സ്‌റ്റേഷനിലെ സ്ഥിരം സന്ദര്‍ശകനായിരുന്നെന്നും പ്രതിയെ സംരക്ഷിക്കുന്ന സമീപനമാണ് പോലിസ് സ്വീകരിച്ചതെന്നും സുഭദ്ര പറഞ്ഞു. ദുര്‍ബലമായ വകുപ്പുകള്‍പ്രകാരമാണ് സുര്‍ജിത്തിനെതിരേ പോലിസ് കേസെടുത്തിട്ടുള്ളതെന്നും ഭീമമായ തട്ടിപ്പു നടത്തിയ പ്രതിയുടെ സ്വത്ത് കണ്ടുകെട്ടാനുതകുന്ന വകുപ്പുകള്‍ ചുമത്തിയില്ലെന്നും അവര്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ സുര്‍ജിത് കെ ബാലന്റെ പേരില്‍ തൃശൂരിലെ കോടതികളില്‍ മാത്രം മൂന്ന് കേസ് നിലവിലുണ്ടെന്നും കേരളത്തില്‍ നിന്ന് 30,000 കോടി രൂപ വേദ പഠന ഗവേഷണ കേന്ദ്രത്തിന്റെ പേരിലും മറ്റുമായി തട്ടിയെടുത്തെന്നും ജനജാഗ്രതാവേദി ജനറല്‍ സെക്രട്ടറി എം സി തൈക്കാട് പറഞ്ഞു. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രതിയുടെ രാഷ്ട്രീയബന്ധങ്ങളെക്കുറിച്ച് പോലിസ് അന്വേഷിക്കാന്‍ തയ്യാറാവുന്നില്ല. സ്ത്രീകളെ ഉപയോഗിച്ചാണ് ഇയാള്‍ പണം തട്ടുന്നതെന്നും സുര്‍ജിത്തിന്റെ വീട്ടില്‍ രണ്ടു സ്ത്രീകള്‍ ഇത്തരത്തില്‍ കഴിഞ്ഞുവരുന്നതായും എം സി തൈക്കാട് പറഞ്ഞു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ജനജാഗ്രതാവേദിയുടെ നേതൃത്വത്തില്‍ 2017 നവംബര്‍ 24ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ കെ വേണു ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ നിരവധിപേര്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നും ശക്തമായ പ്രക്ഷോഭങ്ങളിലേക്കു നീങ്ങാനുള്ള ഒരുക്കത്തിലാണ് ജനജാഗ്രതാവേദി.

RELATED STORIES

Share it
Top