പ്രവര്‍ത്തിക്കാത്ത പോലിസുകാരെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കണം: മന്ത്രിആലപ്പുഴ: ശരിയായി പ്രവര്‍ത്തിക്കാത്ത പോലിസുകാരെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴ സിഎസ്‌ഐ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജനമൈത്രി സുരക്ഷാ പദ്ധതി ഏകദിന ശില്‍പശാല 'സ്ത്രീ പുരുഷസമത്വ നിയമബോധവത്കരണം' പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പ്രവര്‍ത്തിക്കാത്ത പോലിസുകാരെ ജലസംഭരണികള്‍ നന്നാക്കുന്നതുപോലുള്ള ജോലികള്‍ ഏല്‍പ്പിക്കാവുന്നതാണ്. ഒരു കൂട്ടം രാഷ്ട്രീയക്കാരും ക്രിമിനലുകളും കുറച്ച് സിനിമക്കാരും ചേര്‍ന്ന് നടത്തിവന്ന, നടിയെ ഉപദ്രവിച്ചതിന്റെ പേരിലുള്ള കള്ളക്കളി പ്രധാന പ്രതിയുടെ അറസ്റ്റോടെ ഇല്ലാതായി. കോടതിയില്‍ കയറി പോലിസ് പ്രതിയെ പിടിച്ച രീതിയെ ചിലര്‍ വിമര്‍ശിക്കുന്നു. എല്ലാ കള്ളന്‍മാരും കോടതിയില്‍ കയറിക്കൂടി രക്ഷപ്പെടുന്ന അവസ്ഥയുണ്ടാവുന്നത് ആശാസ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
കോടതിയില്‍ വക്കില്‍ കോട്ടിട്ട് ക്രിമിനല്‍ കേസ് പ്രതി പ്രവേശിച്ചാല്‍ അത് ആള്‍മാറാട്ടമാണ്. നടിയെ ആക്രമിച്ച കേസില്‍ ഏറെ വേഗത്തില്‍ കേരള പോലിസിന് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖ് ആധ്യക്ഷത വഹിച്ചു. ജില്ല ഗവ. പ്ലീഡര്‍ സി വി ലുമുംബാ, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തര്‍, ഡിവൈഎസ്പി ജി ഡി വിജയകുമാര്‍, പുളിങ്കുന്ന് സിഐ ആര്‍ അനില്‍ കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിനീഷ്, അഡ്വ. എ ഫ്രാന്‍സിസ് മംഗലത്ത് പ്രസംഗിച്ചു.

RELATED STORIES

Share it
Top