പ്രവര്‍ത്തനം സ്തംഭിച്ച് കാരിക്കോട് വില്ലേജ് ഓഫിസ്

ഇടവെട്ടി: ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാതെ വന്നതോടെ കാരിക്കോട് വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായി. തൊടുപുഴ താലൂക്കില്‍ ഏറ്റവും കൂടുതല്‍ പോക്കുവരവ് നടക്കുന്നത് കാരിക്കോട് വില്ലേജ് ഓഫിസിലാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഇവിടെ അഞ്ച് ജീവനക്കാര്‍ മാത്രമാണുള്ളത്.
സര്‍ട്ടിഫിക്കറ്റുകള്‍ക്കും പോക്കു വരവുകള്‍ക്കും മറ്റുമെത്തുന്നവര്‍ ദിവസവും ആറ് മണിക്കുറിലധികം വരെ ക്യൂ നില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. അപേക്ഷകള്‍ സ്വീകരിച്ച് മൂന്നു ദിവസത്തിനകം ആവശ്യക്കാരുടെ അപേക്ഷകള്‍ക്ക് മറുപടി നല്‍കേണ്ടതാണ്. എന്നാല്‍ ഒരാഴ്ച പിന്നിട്ടാല്‍പോലും ജീവനക്കാര്‍ക്ക് ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുന്നില്ല.
ഇക്കാരണത്താല്‍ ഇവിടെ ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുന്നതും പതിവാണ്. 2016 വരെ ഇവിടെ അഞ്ച് ജീവനക്കാരും നാലുപേര്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റ് എന്ന പേരിലും ജോലി ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നാലുപേരെയും ഇവിടെ നിന്നു മാറ്റി. ഇതോടെ വില്ലേജിലെ നിരവധി ഫയലുകളാണ് നോക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുന്നത്.
മതിയായ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പുറത്തുപോയി എടുക്കേണ്ട ലൊക്കേഷന്‍ സ്‌കെച്ചിനു പോലും കഴിയാത്ത സ്ഥിതിയാണ് ജീവനക്കാര്‍ക്കുള്ളത്. 100 മുതല്‍ 120 പേരു വരെയാണ് കരംഅടയ്ക്കാന്‍ എത്തുന്നത്. പലരും അടയ്ക്കാനാതെ തിരിച്ചു പോകുവയാണ് ചെയ്യുന്നത്.
മിക്ക ജീവനക്കാര്‍ക്കും ഓഫിസില്‍ നിന്ന് അവധി ലഭിച്ചിട്ടു മാസങ്ങള്‍ കഴിഞ്ഞു. പരിമിതികള്‍ ഒരുപാടുള്ള വില്ലേജില്‍ വൈദ്യുതി ബന്ധം ഇടയ്ക്കിടെ തകരാറിലാകുന്നത് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തെ ബാധിക്കുന്നുണ്ട്. കുടിക്കാന്‍ ശുദ്ധജലമില്ലാത്തതും പ്രതിസന്ധിയാണ്.
വര്‍ക്കിങ് അറേഞ്ച്‌മെന്റ് സംവിധാനത്തിലൂടെ തിരക്കു കുറഞ്ഞ വില്ലേജുകളില്‍ നിന്ന് താല്‍കാലികമായിയെങ്കിലും രണ്ടുപേരെ ഇവിടെ നിയമിക്കുകയാണെങ്കില്‍ വേഗം ജോലികള്‍ തീര്‍ക്കാനാവുമെന്ന് ജീവനക്കാര്‍ പറയുന്നു. പ്രശ്‌നത്തി ല്‍ അടിയന്തരമായി അധികൃതര്‍ ഇടപെടണമെന്നും അല്ലാത്ത പക്ഷം സമരപരിപാടികള്‍ തുടങ്ങുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top