പ്രവര്‍ത്തനം തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠപദവി: മലക്കംമറിഞ്ഞ് കേന്ദ്രം; തുറന്നടിച്ച് സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: പ്രവര്‍ത്തനം തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠപദവി നല്‍കി ഉത്തരവിറക്കിയ കേന്ദ്രത്തിനെതിരേ തുറന്നടിച്ച് സോഷ്യല്‍ മീഡിയ. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇന്നലെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ശ്രേഷ്ഠപദവി നല്‍കിയത്. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളെയും മൂന്നു സര്‍ക്കാര്‍ സ്ഥാപനങ്ങളെയുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
പട്ടികയില്‍ ഉള്‍പ്പെട്ട ഐഐടി ഡല്‍ഹി, ഐഐടി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ബംഗളൂരു, ബിഐടിഎസ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ എന്നിവയ്ക്ക് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. എന്നാല്‍, പ്രഖ്യാപനമല്ലാതെ പ്രവര്‍ത്തനം ഇതുവരെ തുടങ്ങിയിട്ടില്ലാത്ത സ്ഥാപനമാണ് മുകേഷ് അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റിയൂട്ട്. പ്രധാനമന്ത്രിയുടെ ക്വാളിറ്റി ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് ശ്രേഷ്ഠപദവി നല്‍കിയത്.
ഇന്ത്യയിലെ ഏറ്റവും ഗുണമേന്മയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്താതെയാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്ത സ്ഥാപനം അതീവ ഗുണമേന്മയുള്ളതാണെന്ന സാക്ഷ്യപ്പെടുത്തല്‍ സര്‍ക്കാര്‍ നടത്തിയത്. ജെഎന്‍യു ഉള്‍പ്പെടെ 114 സ്ഥാപനങ്ങള്‍ ഈ പദവിക്കായി അപേക്ഷിച്ചിരുന്നു. ഇതെല്ലാം തഴഞ്ഞാണ് റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപനത്തിന് അംഗീകാരം നല്‍കിയത്.
എന്നാല്‍, പുതിയ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ഗ്രീന്‍ഫീല്‍ഡ് വിഭാഗത്തിലാണ് ജിയോയെ തിരഞ്ഞെടുത്തതെന്നാണ് പാനല്‍ അംഗമായ യുജിസിയുടെ പക്ഷം. സ്ഥാപനത്തിന്റെ രേഖകള്‍ തിരഞ്ഞെടുപ്പു മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് പാനല്‍ അധ്യക്ഷന്‍ എന്‍ ഗോപാലസ്വാമിയും പറയുന്നു. അതേസമയം, മുകേഷ് അംബാനിയെയും നിത അംബാനിയെയും തൃപ്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗെത്തത്തി.
എന്നാല്‍, ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠ പദവി നല്‍കി വെട്ടിലായതിനു പിന്നാലെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. നിബന്ധനകള്‍ക്കു വിധേയമായാണ് റിലയന്‍സിന്റെ ഇനിയും തുടങ്ങിയിട്ടില്ലാത്ത സ്ഥാപനത്തിന് അംഗീകാരം നല്‍കിയതെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വിശദീകരിക്കുന്നത്. യുജിസി നിയമപ്രകാരം ഇതു ചട്ടവിരുദ്ധമല്ലെന്നും മന്ത്രാലയം പറയുന്നു.

RELATED STORIES

Share it
Top