പ്രവര്‍ത്തനം താളം തെറ്റുന്നു; ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം പതിവായി

തൃശൂര്‍: ജീവനക്കാരുടെ കുറവും അസൗകര്യങ്ങളും മൂലം തൃശൂര്‍ നഗരത്തിലെ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ആശുപത്രിക്കെതിരേ നിരവധി പരാതികളാണ് ഓരോ ദിവസവും ഉയരുന്നത്. രോഗികള്‍ക്ക് ചികില്‍സ ലഭ്യമല്ലാത്തതടക്കം പരാതികളും വര്‍ദ്ധിക്കുന്നുണ്ട്. രോഗികളുമായെത്തിയവരും ആശുപത്രി ജീവനക്കാരും തമ്മില്‍ സംഘര്‍ഷം ആശുപത്രിയിലെ പതിവുകാഴ്ച്ചയാണ്.
കഴിഞ്ഞ ദിവസം അപകടം സംഭവിച്ചെത്തിയ യുവാവിന് ചികില്‍സ നിഷേധിച്ചതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ സംഘര്‍ഷം ഉണ്ടായി. ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അത്യാഹിത വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതാണ് ചികില്‍സ വൈകാന്‍ ഇടയാക്കുന്നത്. ആറ് പേര്‍ വേണ്ട അത്യാഹിത വിഭാഗത്തില്‍ മൂന്നു പേരാണുള്ളത്. സര്‍ജറി വിഭാഗത്തിലെ കണ്‍സള്‍ട്ടന്റുമാരുടെ എണ്ണവും ആവശ്യത്തിനില്ല. ഒട്ടു മിക്ക തസ്തികകളും ഇതേ സ്ഥിതിയിലാണ്.
ജനറല്‍ ആശുപത്രിയാക്കി ബോര്‍ഡു വെച്ചതല്ലാതെ അതനുസരിച്ചുള്ള സൗകര്യങ്ങളൊന്നും ആശുപത്രിയില്‍ ഒരുക്കിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ അധികൃതര്‍ വന്‍ പരാജയമാണ്. പല തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സര്‍ജറി കണ്‍സള്‍ട്ടന്റുമാര്‍, സര്‍ജറി ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാര്‍, ശുചീകരണ തൊഴിലാളികള്‍, സെക്യൂരിറ്റി തുടങ്ങിയ തസ്തികളിലെ ഒഴിവ് കാലങ്ങളായി നികത്തിയിട്ടില്ല. പലര്‍ക്കും കൃത്യസമയത്ത് അവധി പോലും ലഭിക്കാറില്ലെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു. സുരക്ഷ ജീവനക്കാരുടെ അഭാവം കാരണം ഇവിടെ രാത്രി സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നു. രാത്രി ഡ്യൂട്ടിക്ക് വരുന്ന സ്ത്രീ ജീവനക്കാര്‍ക്ക് പോലും ഇതു കാരണം ദുരിതം അനുഭവിക്കേണ്ടി വരുന്നു. ലൈറ്റില്ലാത്തതിനാല്‍ പല ആശുപത്രി വരാന്തകളും ഇരുട്ടിലാണ്.
നഗരത്തിലെ മറ്റൊരു പ്രധാന ആശുപത്രിയായ മാനസികാരോഗ്യ കേന്ദ്രത്തിലും സ്ഥിതി സമാനമാണ്. ഒരാഴ്ച്ചക്കിടെ രണ്ട് രോഗികളെയാണ് ഇവിടെ കാണാതായത്. പരാതി നല്‍കാന്‍കൂടി അധികൃതര്‍ മടിക്കുന്നുവെന്ന ആരോപണം രോഗികളുടെ ബന്ധുക്കള്‍ ഉന്നയിക്കുന്നു. ഈയടുത്തായി രോഗിയെ കാണാതായത് മൂടിവെച്ച അധികൃതര്‍ ബന്ധുക്കള്‍ അന്വേഷിച്ചതോടെയാണ് പോലിസിനെ അറിയിച്ചത്. ആശുപത്രിയുടെ പിന്‍വശത്ത് ട്രാന്‍സ്‌ഫോര്‍മറിനോട് ചേര്‍ന്ന് മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞു കിടക്കുകയാണ്. മതിയായ വെളിച്ച സൗകര്യങ്ങളും സുരക്ഷാ ജീവനക്കാരും ഇല്ല. ഇതോടൊപ്പമാണ് ആവശ്യത്തിന് ജീവനക്കാരില്ലാത്തതും.ഓക്‌സിജന്‍ ലഭിക്കാതെ രോഗി മരിച്ചതും ചികില്‍സ നിഷേധിച്ചതുമുള്‍പ്പെടെ സംഭവങ്ങളുമുയര്‍ത്തി ജനറല്‍ ആശുപത്രിക്കെതിരേ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ സൂപ്രണ്ട് ജീവനക്കാരുടെ യോഗം വിളിച്ചു. ജീവനക്കാരുടെ പെരുമാറ്റത്തിനെതിരേ ഗുരുതര ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അടിയന്തിര യോഗം വിളിച്ചത്. ആശുപത്രിയിലെത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് സൂപ്രണ്ട് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ആശുപത്രിയില്‍ തങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്നായിരുന്നു ജീവനക്കാരുടെ മറുപടി. ആളില്ലാതെയും സൗകര്യങ്ങളില്ലാതെയുമാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. രാത്രിയിലും പകലിലും ഭീതിയിലുമാണ് തൊഴിലെടുക്കുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു.

RELATED STORIES

Share it
Top