പ്രവര്‍ത്തകയെ ഗര്‍ഭിണിയാക്കി; ബംഗാള്‍ ബിജെപി മുന്‍ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബംഗാള്‍ ഘടകം ബിജെപി മുന്‍ ജനറല്‍ സെക്രട്ടറിയും ആര്‍എസ്എസ് പ്രചാരകുമായ അമലേന്ദു ചന്ദോപാധ്യായയെ കൊല്‍ക്കത്ത പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലായിരുന്നു അറസ്റ്റ്.
കഴിഞ്ഞമാസം 31ന് നല്‍കിയ പരാതിയില്‍ സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവ് ശിവ്പ്രകാശ്, ആര്‍എസ്എസ് പ്രാന്തപ്രചാരക് വിദ്യുത് മുഖര്‍ജി എന്നിവരുടെ പേരുകളും പരാമര്‍ശിച്ചിട്ടുണ്ട്. സംഘപരിവാര പോഷക സംഘടനയായ അഖില്‍ ഭാരത് ഗ്രഹക് പഞ്ചായത്ത് അധ്യക്ഷനുമാണ് ചന്ദോപാധ്യായ.
കൊല്‍ക്കത്തയിലെ ഹോട്ടലില്‍ പാര്‍ട്ടി യോഗമുണ്ടെന്നു സന്ദേശമയച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹോട്ടലിലെത്തുമ്പോള്‍ ശിവ്പ്രകാശും മുഖര്‍ജിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സമയം ചന്ദോപാധ്യായ ഹോട്ടലിലെത്തി രക്ഷിച്ചു. ഇക്കാര്യം പുറത്തുപറയരുതെന്നും അത് സംഘടനയ്ക്കു ദോഷം ചെയ്യുമെന്നും ചന്ദോപാധ്യായ ഉപദേശിച്ചു. ഇതേത്തുടര്‍ന്ന് ചന്ദോപാധ്യായ യുവതിയോട് കൂടുതല്‍ അടുക്കുകയും വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
ഗര്‍ഭിണിയായപ്പോള്‍ ബലംപ്രയോഗിച്ച് അലസിപ്പിച്ചു. ഇക്കാര്യങ്ങള്‍ പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.

RELATED STORIES

Share it
Top