പ്രളയ റിപോര്‍ട്ടിങ്: മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ആദരം

തിരുവനന്തപുരം: പ്രളയം റിപോര്‍ട്ട് ചെയ്ത സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫര്‍മാരെയും പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചു. ഹസന്‍ മരക്കാര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എല്ലാവര്‍ക്കും മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് ഗതിവേഗം കൂട്ടാനായി പ്രതിപക്ഷമുള്‍പ്പെടെയുള്ള എല്ലാവരെയും ഉള്‍പ്പെടുത്തി വിദഗ്ധസമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ശക്തമായ മതേതരബോധമാണ് പ്രളയകാലത്ത് എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാന്‍ ജനങ്ങള്‍ക്ക് പ്രചോദനമായത്. എല്ലാവരും കുറ്റപ്പെടുത്തുകയും മൂല്യങ്ങളില്‍ നിന്ന് അകന്നുവെന്ന് പരിതപിക്കുകയും ചെയ്ത യുവതലമുറ പ്രതീക്ഷകള്‍ തെറ്റിച്ചുള്ള സാഹസിക രക്ഷാപ്രവര്‍ത്തനങ്ങളാണു നടത്തിയത്. പ്രളയകാലത്തും അതിനുശേഷവും കേരളത്തെ മുന്നോട്ടുനയിക്കുന്ന കാര്യത്തില്‍ വാര്‍ത്താമാധ്യമങ്ങള്‍ നല്‍കിയ പിന്തുണയും ദിശാബോധവും പ്രശംസനീയമാണ്. ആ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ അംഗീകരിച്ചതാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി സുധാകരന്‍, ഇ ചന്ദ്രശേഖരന്‍, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ സെക്രട്ടറി ആര്‍ കിരണ്‍ ബാബു, ജസ്റ്റീന തോമസ് സംസാരിച്ചു.
പ്രളയം റിപോര്‍ട്ട് ചെയ്ത തേജസിലെ പത്രപ്രവര്‍ത്തകരായ കെ പി ഒ റഹ്മത്തുല്ല, നിഷാദ് എം ബഷീര്‍, എം എം അബ്ദുല്‍ സലാം, ടി എസ് നിസാമുദ്ദീന്‍, നഹാസ് എം നിസ്താര്‍, ഫോട്ടോഗ്രാഫര്‍മാരായ ഷിയാമി തൊടുപുഴ, യൂനുസ് ചെഞ്ചേരി, യു എസ് രാഖി, ഉബൈദ് മഞ്ചേരി എന്നിവരാണ് മുഖ്യമന്ത്രിയില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങിയത്.RELATED STORIES

Share it
Top