പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരം; ആടുകളെ വിതരണം ചെയ്തു

പൊന്നാനി: പ്രളയത്തില്‍ ആട് നഷ്ടപ്പെട്ടവര്‍ക്ക് ആടുകളെ വിതരണം ചെയ്തു. പൊന്നാനി നഗരസഭ സംഘടിപ്പിച്ച ഡ്രോണ്‍ ജിഐഎസ് സര്‍വേയില്‍ കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്കാണ് ആടുകളെ വിതരണം ചെയ്തത്.
പൊന്നാനി സര്‍വീസ് സഹകരണ ബാങ്കുമായി കൈകോര്‍ത്താണ് നഗരസഭ ആടുകളെ ന ല്‍കുന്നത്. നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സഹായത്തോടെ നിരവധി സന്നദ്ധ സംഘടനകളാണ് ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായിട്ടുള്ളത്. അതിന്റെ ഭാഗമായാണ് ആടുകളെ വിതരണം ചെയ്തത്. 5000 രൂപ വീതം വിലവരുന്ന 23 ആടുകളെയാണ് നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നത്. ആടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈശ്വരമംഗലം മൃഗാശുപത്രിയില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി ആടുകളെ വിതരണം ചെയ്തു. പൊന്നാനി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് വി പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ പി രാമകൃഷ്ണന്‍, ധന്യ പി, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ടി വൈ അരവിന്ദാക്ഷന്‍, സുധര്‍മ്മന്‍, സരള ടീച്ചര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top